ഓണമെന്നു കേട്ടാല്‍ ഏവരുടെയും മനസിലേയ്ക്ക് ആദ്യം ഓടിയെത്തുന്നത് കൊതിയുണര്‍ത്തുന്ന ഓണസദ്യയാണ്. തൂശനിലയില്‍ തുമ്പപ്പൂച്ചോറും പച്ചടി,കിച്ചടി,അവിയല്‍,തോരന്‍,കാളന്…. അങ്ങനെ നീണ്ടുപോകുന്നു സദ്യ വിഭവങ്ങള്‍. പക്ഷേ, ഇന്നത്തെ തലമുറയ്ക്ക് ഓണവിഭവങ്ങള്‍ വീട്ടില്‍തന്നെ ഒരുക്കുവാനുള്ള സമയം പരിമിതമാണ്. കൂട്ടുകുടംബസമ്പ്രദായം നിലനിന്നിരുന്ന കാലഘട്ടത്തില്‍ കുടുംബത്തിലെ സ്ത്രീകള്‍ ഒത്തുചേര്‍ന്നാണ് ഓണസദ്യ ഒരുക്കിയിരുന്നത്. എന്നാല്‍ ഇന്നത്തെ തിരക്കേറിയ ജീവിതരീതി രുചിയേറിയ ഓണസദ്യയെ നമ്മുടെ സ്വന്തം അടുക്കളയില്‍ നിന്ന് ആഡംബര ഹോട്ടലുകളുടെ തീന്മേശയിലേക്ക് മാറ്റി. ഈ തിരക്കിനിടയില്‍ ഹോട്ടല്‍ വിഭവങ്ങള്‍ അനിവാര്യമാണെങ്കിലും അവയുടെ ഉപയോഗം നമ്മുടെ ആരോഗ്യത്തിനെ എങ്ങനെ ബാധിക്കുന്നു എന്ന് കൂടി പരിശോധിക്കണം.
ചിങ്ങമാസം കേരളീയര്‍ക്ക് പൊതുവേ ആഘോഷങ്ങളുടെയും വിരുന്നുസല്‍ക്കാരങ്ങളുടെയും കാലമാണ്. നമ്മുടെ ആരോഗ്യത്തിന് കൂടി മുന്‍തൂക്കം നല്കിയാല് ഈ സന്തോഷം എന്നും നമുക്ക് നിലനിര്‍ത്താന്‍കഴിയും.
ഒരു സദ്യയുടെ ശരാശരി ഊര്‍ജ്ജം 20003000 കിലോ കാലറി വരെയാണ്. ഇത് ഒരു സാധാരണ മനുഷ്യന്റെ ദൈനംദിന ഊര്‍ജ്ജ ആവശ്യകതയേക്കാള്‍ താരതമ്യേന കൂടുതലാണ്. പ്രമേഹരോഗികള്‍ക്കും അമിതഭാരമുള്ളവര്‍ക്കും ഈ ഭക്ഷണരീതി അഭികാമ്യമല്ല.
കേരളത്തില്‍ ഓരോ വര്‍ഷവും പ്രമേഹരോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുവരികയാണ്. സമീകൃതാഹാരം, കൃത്യമായ വ്യായാമം, ആരോഗ്യപരമായ ജീവിതശൈലി തുടങ്ങിയവ നിത്യജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ സദ്യ എക്കാലവും രുചികരമായി തന്നെ കഴിക്കാം.
പോഷകമൂല്യത്തില്‍ കേരളീയ സദ്യയെ വെല്ലാന്‍ മറ്റൊരു സല്‍ക്കാരത്തിനും സാധിക്കുകയില്ല. ധാന്യങ്ങള്‍, പയറ് വര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, നട്സ്, പാലുല്പന്നങ്ങള് എന്നിവയുടെ രുചികരമായ ഒരു സങ്കലനമാണ് ഓണസദ്യ. ഒരു വ്യക്തിയ്ക്ക് ഒരു ദിവസം ആവശ്യമായ എല്ലാ പോഷകങ്ങളും ഒരു നേരത്തേ സദ്യയില്‍ നിന്നുതന്നെ ലഭ്യമാകുന്നു.
തവിടോടുകൂടിയ അരി കൊണ്ടുള്ള ചോറിന് തവിടുകളഞ്ഞ അരിയേക്കാള്‍ പോഷകമൂല്യം കൂടുതലാണ്. തവിടില്‍ ബി കോംപ്ലക്സ്, വിറ്റാമിനുകളും, നാരും കൂടുതലായി അടങ്ങിയിരിക്കും.
സദ്യയിലെ പ്രധാന ഇനമായ പരിപ്പു കറിയിലാണ് മാംസ്യം കൂടുതലായി അടങ്ങിയിരിക്കുക. അതോടൊപ്പം പായസത്തിലെ പാല്, നട്സ്,മുതലായവ കൂടി ചേരുമ്പോള്‍ കുട്ടികള്‍ക്ക് സദ്യ ഒരു സമീകൃതാഹാരമായി മാറും.
സസ്യ എണ്ണകളാണ് സദ്യയിലെ കറികള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്നത്. എന്നതിനാല്‍ ആരോഗ്യപരമായി സദ്യ വേറിട്ട് നില്ക്കുന്നു. എണ്ണയുടെയും തേങ്ങയുടെയും അളവ് ക്രമീകരിച്ചാല്‍ പ്രമേഹരോഗികള്‍ക്കും ഹൃദ് രോഗികള്‍ക്കും കരള്‍, കിഡ്നി സംബന്ധമായ അസുഖമുള്ളവര്‍ക്കും മറ്റും സദ്യ ആസ്വാദ്യകരമാകുന്നതാണ്.
കാരറ്റ്, മത്തങ്ങ എന്നിവയിലൂടെ വിറ്റാമിന്‍ എയും മറ്റ് പച്ചക്കറികള്‍ വഴി വിറ്റാമിന്‍ ബിയും നടസ്, പയറ് വര്‍ഗ്ഗങ്ങള്‍, സസ്യഎണ്ണ എന്നിവ ഉപയോഗിക്കുന്നതിനാല്‍ വിറ്റാമിന്‍ ഇയും ലഭ്യമാകുന്നു. നാരങ്ങ, നെല്ലിക്ക എന്നിവ വിറ്റാമിന്‍ സിയുടെ കലവറയാണ്. ഇരുമ്പിന്റെ പ്രധാന സ്രോതസ്സാണ് ശര്‍ക്കര, ധാന്യങ്ങള്‍, പാല്,തൈര് തുടങ്ങിയവയുടെ ഉപയോഗം കാത്സ്യത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നു.
വെള്ളരിക്ക,മത്തങ്ങ, പാവയ്ക്ക, വെണ്ടയ്ക്ക തുടങ്ങിയ പച്ചക്കറികള്‍ ഉള്‍പ്പെടുന്ന അവിയല്‍, പച്ചടി, തോരന്‍ എന്നിവ സദ്യയിലെ നാരുകളടങ്ങിയ വിഭവങ്ങളാണ്.
ശരിയായ ദഹനപ്രവര്‍ത്തനത്തിനും വായുസംബന്ധമായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും സദ്യയ്ക്ക് ശേഷം ചുക്കുവെള്ളമോ ജീരകവെള്ളമോ കുടിക്കാന്‍ ഉപയോഗിക്കുന്നത് നല്ലതാണ്.
സദ്യയുടെ പോഷകങ്ങള്‍ കുറയാതിരിയ്ക്കാന്‍ :
* ചോറിന് തവിടോടുകൂടിയ അരി ഉപയോഗിക്കുക.
* വീട്ടില്‍ പൊടിച്ചുണ്ടാക്കിയ കറിപ്പൊടികള്‍ പാചകത്തിന് ഉപയോഗിക്കാന്‍ ശ്രമിക്കുക.
* പച്ചക്കറികള്‍ നുറുക്കുന്നതിന് മുമ്പ് വിനാഗിരിവെള്ളത്തിലോ പുളിവെള്ളത്തിലോ കുറച്ചുസമയം മുക്കിവച്ചതിനു ശേഷം നന്നായി കഴുകി വൃത്തിയാക്കുക. അത് ഒരു പരിധിവരെ കീടനാശിനിയുടെ അളവ് കുറയ്ക്കാന്‍ സാധിക്കും.അതോടൊപ്പം വെള്ളത്തിലലിയുന്ന വിറ്റാമിനുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും.
* പഞ്ചസാരയേക്കാള്‍ ശര്‍ക്കര പായസത്തിന് പ്രാധാന്യം നല്‍കുക.
*കറിവേപ്പില കറിക്കൂട്ടുകളുടെ കൂടെ അരച്ച് ചേര്‍ക്കുക.
* വിഭവങ്ങള്‍ തയ്യാറാക്കാന്‍ വെണ്ണ, ഡാല്‍ഡ, പാം ഓയില്‍ തുടങ്ങിയവ ഒഴിവാക്കുക.
*രസവും സംഭാരവും ദഹനം എളുപ്പമാക്കാന്‍ സഹായിക്കുമെന്നതിനാല്‍ ഇവ തീര്‍ച്ചയായും ഉള്‍പ്പെടുത്തുക.
* ഊണ് കഴിഞ്ഞ് അരമണിക്കൂറിനുശേഷം ചെറിയ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് ദഹനപ്രക്രിയ വേഗത്തിലാക്കും.
Discussion about this post