കോഴിക്കോട്: മുക്കം വൈദ്യർമലയിൽ അജ്ഞാത സംഘത്തെ കണ്ട സംഭവത്തിൽ രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷണം ഏറ്റെടുത്തു. ജൂലായ് അവസാന വാരവും ആഗസ്റ്റ് ആദ്യ വാരവും എത്തിയ അജ്ഞാത സംഘം ജനവാസമില്ലാത്ത സ്ഥലത്ത് തങ്ങിയതായാണ് പ്രദേശവാസികളിൽ നിന്നും വിവരം ലഭിച്ചിരിക്കുന്നത്.
ഇതുവരെയുള്ള അന്വേഷണത്തിൽ കൂടുതലായി ഒന്നും കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. മുക്കം വൈദ്യർമലയിലെത്തിയ പന്ത്രണ്ടംഗ അജ്ഞാത സംഘം ദിവസങ്ങളോളം പ്രദേശത്ത് തങ്ങി എന്നാണ് നാട്ടുകാർ പറയുന്നത്. ആയുധ പരിശീലനമടക്കം നടന്നതായി സംശയമുണ്ടെന്ന് നാട്ടുകാരിൽ ചിലർ പറയുന്നു. പ്രദേശത്ത് ഒരു സംഘം എത്തിയതായും ഇവർ മുള കൊണ്ടുള്ള താൽക്കാലിക കൂടാരം സ്ഥാപിച്ചതിന്‍റെ തെളിവ് കിട്ടിയതായും പൊലീസ് വ്യക്തമാക്കുന്നു.
ദുരൂഹമായ ഈ സംഭവത്തെ കുറിച്ച് കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ സംഘങ്ങൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് ദിവസമായി കേരള പൊലീസ് സ്ഥലത്ത് അന്വേഷണം നടത്തുന്നുണ്ട്. മാവോയിസ്റ്റുകളാണോ ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവരാണോ എത്തിയത് എന്ന കാര്യത്തിൽ ദുരൂഹത നിലനിൽക്കുകയാണ്. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കെ ഇത്രയും ആളുകൾ എങ്ങനെ ഇവിടെയെത്തി എന്നതും അജ്ഞാതമാണ്.
Discussion about this post