ആലപ്പുഴ: കൊവിഡ് പരിശോധനക്കുള്ള ട്രൂനാറ്റ് മെഷീൻ ഇറക്കാൻ വൻ തുക കൂലി ചോദിച്ച് സി ഐ ടി യു. തുറവൂർ താലൂക്ക് ആശുപത്രിയിൽ കോവിഡ് ടെസ്റ്റ് നടത്താനുള്ള ട്രൂനാറ്റ് മെഷീൻ ഇറക്കാൻ സിഐടിയു യൂണിയൻകാർ ചോദിച്ച കൂലി പതിനാറായിരം രൂപയാണ്. ഒൻപതിനായിരം രൂപ വരെ കൊടുക്കാമെന്ന് ആശുപത്രി അധികൃതർ അറിയിച്ചെങ്കിലും ഇടത് തൊഴിലാളി സംഘടന സമ്മതിച്ചില്ല. ഒടുവിൽ 225 കിലോഗ്രാം ഭാരമുള്ള മെഷീൻ മെഡിക്കൽ ഓഫിസർ ഡോ. റൂബിയും ജീവനക്കാരും ചേർന്ന് ഇറക്കുകയായിരുന്നു.
ഡോക്ടറും ജീവനക്കാരും ചേർന്ന് ഇറക്കിയ മെഷീൻ ആശുപത്രിയുടെ ഒന്നാം നിലയിൽ സ്ഥാപിച്ചു. ഇന്നലെ വൈകിട്ടാണു മെഷീൻ എത്തിയത്. ഇന്നു രാവിലെ മെഷീൻ ഇറക്കാൻ സിഐടിയു യൂണിയനെ അധികൃതർ സമീപിച്ചപ്പോഴാണ് നേതാക്കൾ അമിത കൂലി ചോദിച്ചത്.
മെഷീൻ ഒന്നാം നിലയിലെത്തിക്കാനുള്ള ക്രെയിൻ വാടക ഉൾപ്പെടെയുള്ള തുകയാണ് ആവശ്യപ്പെട്ടതെന്നാണ് സി ഐ ടി യു ഭാഷ്യം. എന്നാൽ ആശുപത്രി ജീവനക്കാർ ക്രെയിനില്ലാതെ തന്നെ മെഷീൻ ഒന്നാം നിലയിലെത്തിക്കുകയായിരുന്നു.
Discussion about this post