തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷാവകാശങ്ങളിൽ എൺപത് ശതമാനവും മുസ്ലീങ്ങൾക്ക് നൽകുന്നതായി പരാതി. ന്യൂനപക്ഷാവകാശങ്ങളിലെ വിവേചനത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ക്രൈസ്തവ സംഘടനകൾ തയ്യാറെടുക്കുന്നതായാണ് വിവരം. സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ 80 ശതമാനവും മുസ്ലീങ്ങൾക്കാണ് നൽകുന്നതെന്നും മറ്റുള്ളവർക്കെല്ലാം കൂടി വെറും 20 ശതമാനം മാത്രമാണ് ലഭിക്കുന്നതെന്നും ക്രൈസ്തവ സംഘടനകൾ കണക്കുകൾ നിരത്തി വ്യക്തമാക്കുന്നു.
ഇത് അനീതിയാണെന്നും ഇതിന് ഒരു പരിഹാരം കാണാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും കഴിഞ്ഞ ദിവസം സിറോ മലബാർ സഭാ സിനഡിൽ അഭിപ്രായം ഉയർന്നിരുന്നു. ന്യൂനപക്ഷ കമീഷന്റെ ജില്ലാ തല പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിലും വിവേചനം നിലനിൽക്കുന്നതായി മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി സർക്കുലറിൽ വ്യക്തമാക്കി.
ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ ജനസംഖ്യാ ആനുപാതികമായി വിതരണം ചെയ്യണമെന്ന് കെ സി വൈ എം സംസ്ഥാന സെനറ്റും ആവശ്യപ്പെട്ടു. കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്കാകെ ആക്ഷേപവും അപമാനവുമായിരിക്കുന്ന സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് പിരിച്ചു വിടണമെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ കൗൺസിൽ ആവശ്യപ്പെട്ടു.
ക്രൈസ്തവർ ഉൾപ്പെടെ അഞ്ച് വിഭാഗങ്ങളെ മാറ്റി നിർത്തി ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ അപ്പാടെ ഒരു വിഭാഗം കൈയ്യടക്കുകയാണ്. ഇത് എതിർക്കപ്പെടണമെന്നും കൗൺസിൽ വ്യക്തമാക്കി. മുസ്ലീം സംഘടനകൾ നടത്തുന്ന സ്കൂളുകളിലും പരിശീലന കേന്ദ്രങ്ങളിലും 80 ശതമാനം മുസ്ലീം കുട്ടികളും 20 ശതമാനം മറ്റുള്ളവരും എന്നാണ് കണക്ക്. സമാനമായ സംവിധാനം ക്രൈസ്തവർക്കും അനുവദിച്ച് നൽകണമെന്നും ക്രൈസ്തവ സംഘടനകളിൽ ആഭ്യന്തര ആവശ്യം ഉയരുന്നു.
ബാങ്ക്- പി എസ് സി മത്സര പരീക്ഷകൾക്കായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് കഴിഞ്ഞ വർഷം ആരംഭിച്ച 17 കേന്ദ്രങ്ങളും 20 ഉപകേന്ദ്രങ്ങളും മുസ്ലീം സമുദായത്തിന് മാത്രമായാണ് ലഭിച്ചത്. ഇത്തരം അനീതികൾക്ക് ശാശ്വതമായ പരിഹാരമാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും വിവിധ ക്രൈസ്തവ സംഘടനകൾ വ്യക്തമാക്കുന്നു.
Discussion about this post