കൊളംബോ: 111 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡോടെ രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യയെ ലങ്കല്‍ ബൗളിംഗ് വിറപ്പിച്ചു. 21 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ പൊരുതുകയാണ് ടിം ഇന്ത്യ. നേരത്തെ ആദ്യ ഇന്നിംഗ്സില്‍ ശ്രീലങ്ക 201 റണ്‍സിനു പുറത്തായി. ഇന്ത്യക്ക് 111 റണ്‍സിന്റെ ലീഡ് ലഭിച്ചു. അഞ്ചു വിക്കറ്റെടുത്ത് ഇഷാന്ത് ശര്‍മയാണ് ശ്രീലങ്കന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത്. 55 റണ്‍സെടുത്ത കുശാല്‍ പെരേരയും 49 റണ്‍സെടുത്ത രംഗണ ഹെറാത്തും ലങ്കന്‍ നിരയില്‍ പിടിച്ചു നിന്നു.
ഏഴാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് നേടിയ രംഗണ ഹെരാത്ത്-കുശാല്‍ പെരേര സഖ്യമാണ് ലങ്കയെ ഫോളോ ഓണില്‍നിന്നും രക്ഷിച്ചത്. അമിത് മിശ്രയും സ്റ്റുവര്‍ട്ട് ബിന്നിയും രണ്ടു വിക്കറ്റുകള്‍ വീതം നേടി. രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യ തകര്‍ച്ച നേരിടുകയാണ്. 21 റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകള്‍ ഇന്ത്യക്കു നഷ്ടമായി. പൂജാര(0), ലോകേഷ് രാഹുല്‍(2), രഹാനെ(4) എന്നിവരാണ് പുറത്തായത്.
നേരത്തേ, ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 312 റണ്‍സിനു അവസാനിച്ചിരുന്നു. പുജാരയുടെ അപരാജിത സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോറിലെത്തിയത്. 289 പന്തില്‍നിന്നു 145 റണ്‍സെടുത്ത പൂജാര പുറത്താകാതെ നിന്നു.
Discussion about this post