സ്മാര്‍ട്ട്ഫോണുകളില്‍ ചാര്‍ജ് നില്‍ക്കാത്തത് ഇത്തരം ഫോണുകള്‍ ഉപയോഗിക്കുന്ന ഏവരേയും അലട്ടുന്ന ഒരു പ്രശ്നമാണ്.
ഈ തലവേദനയില്‍ നിന്നും രക്ഷനേടാന്‍ സ്മാര്‍ട്ട്ഫോണിനൊപ്പം പവര്‍ബാങ്കുകളും അധിക ബാറ്ററിയും ഒക്കെ കൊണ്ട് നടക്കുന്നവരാണിപ്പോള് ഏറെയും. എന്നാല്‍ ബംഗലുരു നഗരത്തിലുള്ളവര്‍ക്ക് ഇനി ഇത്തരം തലവേദനകള്‍ അനുഭവിക്കേണ്ടി വരില്ല. സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി സൗജന്യ ചാര്‍ജിംഗ് പോയിന്റുകള്‍ നഗരത്തില്‍ ഒരുക്കിയിരിക്കുന്നത് ദക്ഷിണ കൊറിയയില്‍ നിന്നുള്ള പ്രമുഖ ഇലക്ട്രോണിക്സ് നിര്‍മ്മാതാക്കളായ സാംസങ്ങ് ആണ്.
സൗരോര്‍ജ്ജ പാനലുകള്‍ ഉപയോഗിച്ചുണ്ടാക്കുന്ന വൈദ്യുതിയുടെ സഹായത്താലാകും ഇത്തരം സൗജന്യ സോളാര്‍ ചാര്‍ജിംഗ് പോയിന്റുകള്‍ പ്രവര്‍ത്തിക്കുക. ഇന്ത്യയിലാദ്യമായി ഇത്തരം ഒരു സേവനത്തിന് സാംസങ്ങ് ആണ് ഈ പദ്ധതിയിലൂടെ തുടക്കം കുറിച്ചിരിക്കുന്നത്. സാംസങ്ങ് ഉല്പന്നങ്ങള്ക്കായുള്ള എക്സ്ക്ലൂസീവ് സ്റ്റോറുകളായ സാംസങ്ങ് കഫേകള്‍ക്ക് പുറത്തായാണ് ഇത്തരം ചാര്‍ജിംഗ് സൗകര്യമൊരുക്കിയിരിക്കുന്നത്.
ഏത് സ്മാര്‍ട്ട് ഫോണുകളും ചാര്‍ജ് ചെയ്യാന്‍ ഈ സേവനം ഉപയോഗിക്കാമെന്നും, ഇത്തരമൊരു പദ്ധതിയിലൂടെ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളെ കൂടുതല്‍ തൃപ്തരാക്കുക എന്നതാണ് ഈ ദൗത്യത്തിലൂടെ തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് സാംസങ്ങിന്റെ ഐടി & മൊബൈല്‍ വിഭാഗം മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് അസീം വാര്‍സി പറഞ്ഞു. സി.എം.എച്ച് റോഡ്, ഇന്ദിരാ നഗര്‍, ടോട്ടല്‍ മാള്‍, സര്‍ജപുര റോഡ്, സഹകാര നഗര്‍, മല്ലേശ്വരം, വിജയനഗര്‍ എന്നീ അഞ്ചു ഷോറൂമുകളിലാണ് ആദ്യഘട്ടമെന്ന നിലയില്‍ സൗജന്യ ചാര്‍ജിംഗ് സേവനം ലഭ്യമാക്കിയിരിക്കുന്നത്.
പത്ത് അടി പൊക്കമുള്ള തൂണുകളില്‍ നാല് അടി ഉയരത്തിലായി ഉറപ്പിച്ചിരിക്കുന്ന ചാര്‍ജിംഗ് പോര്‍ട്ടുകള്‍ ദിവസേന ഇരുപതിലധികം മൊബൈലുകള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന വിധമാണ് സജ്ജമാക്കിയിരിക്കുന്നത്. ബംഗലുരു നഗരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചിരിക്കുന്ന ഈ പദ്ധതിയുടെ കൂടുതല്‍ സാധ്യതകള്‍ മനസ്സിലാക്കി താമസിയാതെ രാജ്യമൊട്ടാകെ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് സാംസങ്ങ്.
Discussion about this post