കണ്ണൂർ : ആംബുലൻസിൽ ലക്ഷങ്ങൾ വിലമതിക്കുന്ന കഞ്ചാവ് കടത്തിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ തൽസ്ഥാനത്തു നിന്നും മാറ്റി. ഇരിട്ടി ചീരാക്കുണ്ടം ബ്രാഞ്ച് സെക്രട്ടറി എം.സുബി ലാഷിനെയാണ് മാറ്റിയത്. മൈസൂർ സെൻട്രൽ ക്രൈം ബ്രാഞ്ചാണ് ഇയാളെ അറസ്റ്റു ചെയ്തത്.
കർണാടകയിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവുകടത്തിയെന്ന കേസിലാണ്
സി.പി.എം നേതാവും, 108 ആംബുലൻസ് ഡ്രൈവേഴ്സ് യൂനിയൻ (സി.ഐ.ടി.യു)
ജില്ലാ സെക്രട്ടറിയും സംസ്ഥാന ഭാരവാഹിയുമായ സുബിലാഷിനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്.
ആറ്റിങ്ങലിൽ കണ്ടെയ്നർ വാഹനത്തിൽ 500 കിലോ കഞ്ചാവ് പിടികൂടിയ കേസിൻ്റെ തുടർ അന്വേഷണത്തിലാണ് സുബിലാഷും സഹോദരൻ സുബിത്തും കർണാടക പോലീസിൻ്റെ പിടിയിലായത്.കണ്ണൂർ അഞ്ചരക്കണ്ടി കോവിഡ് സെൻ്ററിലെ 108 ആംബുലൻസ് ഡ്രൈവറായ സുബിലാഷ് നേരത്തെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു. ക്രിമിനൽ പശ്ചാത്തലം മറച്ചുവെച്ചാണിയാൾ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ 108 ആംബുലൻസിൽ കോവിഡ് രോഗിയെ പീഡിപ്പിച്ച സംഭവത്തിൽ ഡ്രൈവർ പിടിയിലായപ്പോൾ, സുബിലാഷിൻ്റെ ക്രിമിനൽ പശ്ചാത്തലവും ചർച്ചയായിരുന്നു. പോലീസ് ക്ലിയറൻസ് ഇല്ലാതെയാണ് ഇയാളെ നിയമിച്ചത്.
അതിനിടെ, സുബിലാഷിൻ്റെ അറസ്റ്റ് സി.പി.എം നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയിരിക്കയാണ്. ഈ സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ രംഗത്തുവന്നുകഴിഞ്ഞു. പീഢനത്തിന് ആംബുലൻസ് ഡ്രൈവർ പിടിയിലായ സമയത്ത് സുബിലാഷിൻ്റെ വിഷയം ഉയർന്നു വന്നിരുന്നുവെങ്കിലും നേതൃത്വം മൗനം പാലിക്കുകയായിരുന്നു.
രാഷ്ട്രീയ സമരങ്ങൾക്ക് പുറമെ ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ 108 ആംബുലൻസ് ഡ്രൈവറായി നിയമിച്ചതും, ഇവരുടെ സംഘടനയുടെ സംസ്ഥാന ട്രഷററാക്കിയതും പാർട്ടി നേതൃത്വത്തിൻ്റെ അറിവോടെയാണെന്നാണ് ആരോപണം.
മയക്കുമരുന്ന് കടത്തു കേസിൽ കർണാടക പോലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്ത സാഹചര്യത്തിലാണ് സുബിലാഷിനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റാൻ സി.പി.എം പായം ലോക്കൽ കമ്മിറ്റി തീരുമാനമെടുത്തതെന്നും, കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വ്യക്തമായ ശേഷം തുടർ നടപടികൾ കൈക്കൊള്ളുമെന്നുമാണ് ഇരിട്ടി ഏരിയാ സെക്രട്ടറി ബിനോയ് കുര്യൻ നൽകുന്ന വിശദീകരണം.
Discussion about this post