കാസർഗോഡ് : സമ്മാനങ്ങളുമായി തൃശ്ശൂരിൽ നിന്ന് കാമുകിയെ കാണാനെത്തിയ യുവാവ്, പ്രണയിനിയെ കണ്ടപ്പോൾ ഞെട്ടി. തീരുമാനിച്ചുറപ്പിച്ച പ്രകാരം കാമുകനും സുഹൃത്തും ബേക്കൽ കോട്ടയുടെ സമീപത്തെത്തിയപ്പോൾ കണ്ടത് മധ്യവയസ്കയെ. കബളിപ്പിക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ യുവാവ് നിയന്ത്രണം വിട്ട് കത്തി വീശി.
20കാരി എന്ന വ്യാജേന കാസർകോട് കുമ്പളയിലെ വാടക ക്വാർട്ടേഴ്സിൽ താമസക്കാരിയായ സ്ത്രീയാണ് യുവാവിനെ പറ്റിച്ചത്. സമൂഹ മാധ്യമത്തിലൂടെയുണ്ടായ പരിചയം പ്രണയമായി വളർന്നതോടെ, കുമ്പളക്കാരി യുവാവിൽ നിന്ന് പലപ്പോഴായി പണം കൈപ്പറ്റി. ഇതിനിടെ കാമുകിയെ നേരിൽ കാണാൻ കൊതിയായി യുവാവും സുഹൃത്തും ബൈക്കിൽ തൃശ്ശൂരിൽ നിന്ന് കാസർകോട്ടേക്ക് പുറപ്പെട്ടു. ബേക്കൽ കോട്ടയ്ക്ക് സമീപം കണ്ടുമുട്ടാമെന്ന് തീരുമാനിച്ചതനുസരിച്ച് സ്ഥലത്തെത്തിയ യുവാവ് കണ്ടത് 50 കഴിഞ്ഞ പല്ലുകൾ കൊഴിഞ്ഞ് തന്റെ അമ്മയാവാൻ പ്രായമുള്ള സ്ത്രീയെ. പറ്റിക്കപ്പെട്ടു എന്ന് മനസ്സിലായി യുവാവ് പലപ്പോഴായി അവരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ച തുക തിരികെ ചോദിച്ചു.കാമുകി വിസമ്മതിച്ചതോടെ യുവാവ് കത്തി വീശി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ബേക്കൽ എസ്.ഐ അജിത് കുമാർ, സ്ത്രീക്ക് പരാതിയില്ലാത്തതിനാൽ യുവാക്കളുടെ പേരിൽ മാസ്ക് ധരിക്കാത്തതിന് കേസെടുത്ത് വിട്ടയച്ചു.കാമുകൻ കൊണ്ടു വന്ന വിലപ്പെട്ട സമ്മാനങ്ങൾ പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.













Discussion about this post