തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതായി സൂചന. വിഷയത്തില്‍ സമൂഹിക നീതി വകുപ്പില്‍നിന്ന് കസ്റ്റംസ് വിവരങ്ങള്‍ തേടി. സിആപ്റ്റിലേക്ക് പാഴ്‌സല്‍ കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവറുടെ മൊഴി കസ്റ്റംസ് എടുത്തു. ഇതിൽ നിന്ന് നിർണ്ണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന.
മതഗ്രന്ഥവും ഈന്തപ്പഴവും ഇറക്കുമതി ചെയ്ത കേസില്‍ കസ്റ്റംസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. എയർ കാർഗോ വിഭാഗത്തിൽ നിന്ന് കോണ്‍സുലേറ്റിലേക്ക് പാഴ്‌സല്‍ കൊണ്ടുപോയ ജീവനക്കാരില്‍ നിന്നാണ് കസ്റ്റംസ് മൊഴി എടുത്തത്. ഒപ്പം സിആപ്റ്റിലെ ഉദ്യോഗസ്ഥരെയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും. ഈന്തപ്പഴങ്ങള്‍ കൊണ്ടുവന്നതിലും കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്‌തേക്കും. നയതന്ത്ര പരിരക്ഷയോടെ ഇറക്കുമതി ചെയ്തത് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ ആവശ്യത്തിന് മാത്രമായുള്ളതാണ്. പുറത്തേക്ക് കൈമാറിയാല്‍ നയതന്ത്ര പരിരക്ഷ ഇല്ലാതാകും. നയതന്ത്ര പരിരക്ഷയോടെ വന്ന ഇവ എവിടേക്ക് പോയി എന്നതാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.
അതേസമയം വിഷയത്തിൽ ജലീലിന്റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച ഉൾപ്പെടെയുള്ള യുവജന സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. എന്നാൽ ജലീലിനെ സംരക്ഷിക്കുന്ന നയമാണ് മന്ത്രിസഭയും ഇടത് പക്ഷവും സ്വീകരിച്ചിരിക്കുന്നത്.
Discussion about this post