തിരുവനന്തപുരം : കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ. എം അഭിജിത് ആൾമാറാട്ടത്തിലൂടെ കോവിഡ് പരിശോധന നടത്തിയെന്നും കോവിഡ് സ്ഥിരീകരിച്ചപ്പോൾ മുങ്ങിയെന്നും പരാതി. സംഭവുമായി ബന്ധപ്പെട്ട് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് കെ വേണുഗോപാലൻ നായർ ആണ് പോലീസിൽ പരാതി നൽകിയത്.
കഴിഞ്ഞദിവസം 48 പേരെ പരിശോധിച്ചതിൽ 13 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ പ്ലാമൂട് വാർഡിലെ മൂന്നു പേർക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും രണ്ടു പേരെ മാത്രമെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കാനായുള്ളു. മൂന്നാമത്തെ വ്യക്തി അബി, പ്ലാമൂട്, തിരുവോണം എന്ന വിലാസമാണ് നൽകിയിരുന്നത്.എന്നാൽ ഈ വിലാസത്തിൽ ഇങ്ങനെയൊരു വ്യക്തിയില്ലെന്ന് പിന്നീട് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയ്ക്കെത്തിയ വ്യക്തി വ്യാജ പേരും മേൽവിലാസവുമാണ് നൽകിയതെന്നും ഈ വ്യക്തിയെ കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലൻ നായർ പോലീസിൽ പരാതി നൽകിയത്.തുടർന്നുള്ള അന്വേഷണത്തിൽ കെഎസ്‌യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടെ അഡ്രസ്സാണ് നൽകിയിരുന്നതെന്നും കോവിഡ് പരിശോധന നടത്തി മുങ്ങിയത് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ. എം അഭിജിത് ആണെന്നും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
Discussion about this post