തിരുവനന്തപുരം : വ്യാജ മേൽവിലാസം നൽകി കോവിഡ് പരിശോധന നടത്തിയെന്ന പരാതിയിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തിനെതിരെ കേസെടുത്തു. ആൾമാറാട്ടം നടത്തിയതിനു മാത്രമല്ല പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും അഭിജിത്തിനെതിരെ പോത്തൻകോട് പോലീസ് കേസെടുത്തിട്ടുണ്ട്. പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് കെ വേണുഗോപാലൻ നായർ നൽകിയ പരാതിയിലാണ് പോലീസ് നടപടി.
കഴിഞ്ഞദിവസം, പോത്തൻകോട് പഞ്ചായത്തിലെ തച്ചപ്പള്ളി എൽപി സ്കൂളിൽ നടത്തിയ പരിശോധനയിലാണ് കെഎം അഭിജിത്തിന് കോവിഡ് സ്ഥിരീകരിച്ചത്. കെഎസ്‌യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടെ മേൽവിലാസമാണ് അഭി എന്ന പേരിൽ കെ എം അഭിജിത്ത് നൽകിയിരുന്നത്. അഭി എന്ന പേര് നൽകിയ വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അന്വേഷണം നടത്തിയപ്പോഴാണ് നൽകിയിട്ടുള്ള വിലാസത്തിൽ ഇങ്ങനെയൊരു വ്യക്തിയില്ലെന്നും പരിശോധന നടത്തിയത് കെഎസ്‌യു സംസ്ഥാന പ്രസിഡന്റാണെന്നും വ്യക്തമായത്. തുടർന്ന്, പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് കെ വേണുഗോപാലൻ നായർ പോലീസിൽ പരാതി നൽകുകയായിരുന്നു.
Discussion about this post