കൊച്ചി: ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ഏഷ്യൻ രാജ്യങ്ങൾക്കെതിരെ യുദ്ധം ചെയ്ത മലയാളി ഭീകരൻ സുബഹാനി ഹാജാ മൊയ്തീൻ കുറ്റക്കാരനെന്ന് കോടതി. ഇന്ത്യയുമായി സൗഹാർദമുള്ള ഏഷ്യൻ രാജ്യമായ ഇറാഖിനെതിരെ യുദ്ധം ചെയ്ത കുറ്റത്തിനാണ് തൊടുപുഴ മാർക്കറ്റ് റോഡിൽ സുബഹാനി ഹാജാ മൊയ്തീൻ (34) കുറ്റക്കാരനെന്നു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രത്യേക കോടതി കണ്ടെത്തിയിരിക്കുന്നത്.
ജീവപര്യന്തം തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യങ്ങൾക്കാണു സുബഹാനി വിചാരണ നേരിട്ടത്. ശിക്ഷ 28നു വിധിക്കും. സഖ്യരാഷ്ട്രത്തിന് എതിരെ ഇന്ത്യൻ പൗരൻ യുദ്ധം ചെയ്ത സംഭവത്തിൽ കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ കേസാണിത്. ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി യുദ്ധം ചെയ്ത ശേഷം രാജ്യത്ത് തിരിച്ചെത്തിയ ഏക വ്യക്തിയാണ് മലയാളിയായ സുബഹാനി ഹാജാ മൊയ്തീൻ.
കനകമല തീവ്രവാദ കേസിലും സുബഹാനി ഹാജ മൊയ്തീൻ പ്രതിയാണ്. 2015ൽ ഇറാഖിൽ പരിശീലനം നേടിയ ഇയാൾ പാരീസ് ഭീകരാക്രമണ കേസിലെ പ്രതികളുമായി സമ്പർക്കം പുലർത്തിയിരുന്നതായി എൻ ഐ എ കണ്ടെത്തിയിരുന്നു. മൊസൂളിലും റാഖയിലും മറ്റ് മലയാളി ഭീകരന്മാർക്ക് സുബഹാനി ഹാജാ മൊയ്തീൻ പരിശീലനം നൽകിയിരുന്നു. 2015 ഏപ്രിൽ മാസത്തിൽ അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ലെബനൻ, ഫ്രാൻസ്, യുകെ, യൂറോപ്പ്, ജർമ്മനി, ജോർദാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഭീകരന്മാർക്കൊപ്പം തുർക്കി നഗരമായ ഉർഫയിൽ നിന്നും ഇറാഖിലേക്ക് ഇയാൾ നുഴഞ്ഞു കയറുകയായിരുന്നു.
അബു സുലൈമാൻ അൽ ഫ്രാൻസീസി എന്ന ഐ എസ് നേതാവിന് കീഴിൽ ഉമർ ഇബ്നു ഖതാബ് ഖതീബ എന്ന സംഘത്തിലാണ് ഇയാൾ പരിശീലനം നേടിയത്. പാരീസ് ഭീകരാക്രമണ കേസിൽ അറസ്റ്റിലായ പാകിസ്ഥാൻ സ്വദേശിയായ ലഷ്കർ ഭീകരൻ മുഹമ്മദ് ഘനി ഉസ്മാൻ ഇയാളുടെ സംഘാംഗമായിരുന്നു.
എഎസ്പി എ.പി. ഷൗക്കത്തലി അന്വേഷിച്ച കേസിൽ എൻഐഎ കോടതി ജഡ്ജി പി. കൃഷ്ണകുമാറാണ് പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തിയത്.
Discussion about this post