തിരുവനന്തപുരം : യൂട്യൂബറെ ആക്രമിച്ച കേസിൽ നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയ്ക്കും സംഘത്തിനുമെതിരെ കേസ് എടുത്ത് പോലീസ്. സ്ത്രീകളെ അധിക്ഷേപിച്ചുള്ള വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വിജയ്.പി.നായരെ വാസസ്ഥലത്തു കയറി ആക്രമിച്ചതിലാണ് കേസ്. വീടുകയറി ആക്രമിച്ചുവെന്നും ലാപ്ടോപ്പ് അടക്കമുള്ളവ അപഹരിച്ചുവെന്നുമുള്ള വിജയുടെ പരാതിയിലാണ് തമ്പാനൂർ പോലീസ് കേസെടുത്തിരിക്കുന്നത്.
ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കൽ എന്നിവർക്കെതിരെയാണ് വിജയ്‌യുടെ പരാതി പ്രകാരം കേസെടുത്തിരിക്കുന്നത്.സ്റ്റേഷനിൽ ഗാന്ധാരി അമ്മൻ കോവിലിനു സമീപം വിജയ് താമസിക്കുന്ന ലോഡ്ജ് മുറിയിൽ എത്തിയായിരുന്നു നടിയും സംഘവും ഇയാളെ ആക്രമിച്ചത്.വിജയ്‌യെ കയ്യേറ്റം ചെയ്തതിനു ശേഷം ശരീരത്തിലൂടെ കരിഓയിൽ ഒഴിക്കുകയും ചെയ്തിരുന്നു. ഫേസ്ബുക്കിൽ വീഡിയോ ലൈവ് ചെയ്തു കൊണ്ടായിരുന്നു മൂവർസംഘം യുട്യൂബറെ ആക്രമിച്ചത്.
എന്നാൽ, പോലീസ് കമ്മീഷണർ അടക്കമുള്ള ഉന്നതർക്ക് പരാതി നൽകിയിട്ടും വിജയ്.പി.നായർക്കെതിരെ യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് ഭാഗ്യലക്ഷ്മിയും സംഘവും പറയുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് തങ്ങൾ പ്രതികരിച്ചതെന്നും ഇവർ പറയുന്നു. പോലീസിന്റെ അനാസ്ഥ നിയമ സംവിധാനങ്ങളുടെ പരാജയത്തെ ആണ് കാണിക്കുന്നത് എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഭാഗ്യലക്ഷ്മി, ദിയ സന എന്നിവരുടെ പരാതിയിൽ വിജയ്ക്കെതിരെയും സ്ത്രീകൾക്കെതിരെ അപമര്യാദയായി പെരുമാറിയതിന് കേസെടുത്തിട്ടുണ്ട്.
Discussion about this post