ഡൽഹി: കൊവിഡിന് മുന്നിൽ പകച്ച് പ്രതിരോധ സംവിധാനങ്ങൾ. പ്രതിദിന രോഗബാധയിൽ സംസ്ഥാനം തുടർച്ചയായ മൂന്നാം ദിവസവും നാലാം സ്ഥാനത്ത്. കേരളത്തിലെ പ്രതിദിന രോഗബാധിതരുടെ ഏറ്റവും പുതിയ കണക്ക് 7006 ആണ്.
അതേസമയം രാജ്യത്തും കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുകയാണ്. രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം അറുപത് ലക്ഷത്തിലേക്കടുക്കുകയാണ്. കണക്കുകൾ പ്രകാരം പ്രതിദിന രോഗബാധ 88,600 ആണ്. പ്രതിദിന രോഗബാധയിൽ മഹാരാഷ്ട്രയാണ് മുന്നിൽ. ഇന്നലെ 20,419 ആണ് മഹാരാഷ്ട്രയിലെ പ്രതിദിനരോഗബാധ. കർണാടക 8,811, ആന്ധ്ര 7293, കേരളം 7006 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ പ്രതിദിന കണക്ക്.
കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 93,379 ആയി. 24 മണിക്കൂറിനിടെ 1,124 പേരാണ് കൊവിഡ് മൂലം മരിച്ചത്. കൊവിഡ് ബാധയുടെ കാര്യത്തിൽ അയൽ സംസ്ഥാനമായ തമിഴ്നാട് നേരിട്ടതിനേക്കാൾ മോശം അവസ്ഥയാണ് കേരളത്തിലെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്നലെ 7006 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 6004 സമ്പർക്കരോഗികളിൽ 664 പേരുടെ ഉറവിടം വ്യക്തമല്ല. 52,678 പേരാണ് ചികിത്സയിലുള്ളത്. 93 ആരോഗ്യപ്രവർത്തകർ കൂടി രോഗബാധിതരായി. 21 മരണങ്ങളും റിപ്പോർട്ട് ചെയ്തു. തുടർച്ചയായ നാലാംദിനമാണ് സംസ്ഥാനത്ത് മരണസംഖ്യ 20 കടക്കുന്നത്.
Discussion about this post