തിരുവനന്തപുരം: സുരക്ഷാ ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് സുരക്ഷയ്ക്കെത്തിയ പൊലീസുകാരെ മടക്കി അയച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തൽക്കാലം തനിക്കു കേരള പൊലീസിന്റെ സുരക്ഷ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ ഭീഷണിയല്ലാതെ മറ്റൊരു ഭീഷണിയും തനിക്കില്ലെന്നും സുരേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
സ്വർണക്കടത്ത് വിഷയത്തിലും ബിനീഷ് കോടിയേരി വിഷയത്തിലുമടക്കം ശക്തമായ നിലപാട് സ്വീകരിച്ച സുരേന്ദ്രന് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സുരേന്ദ്രന് 2 ഗൺമാൻമാരെ അനുവദിക്കാൻ ഇന്റലിജൻസ് എഡിജിപി ടി.കെ.വിനോദ്കുമാർ കോഴിക്കോട് റൂറൽ എസ്പി ഡോ. എ ശ്രീനിവാസിന് നിർദ്ദേശം നൽകിയിരുന്നു.
സുരക്ഷ നൽകിയ ശേഷം ഇന്റലിജൻസ് ആസ്ഥാനത്ത് അറിയിക്കണമെന്ന് നിർദ്ദേശമുണ്ടായിരുന്നു. കോഴിക്കോട് റൂറൽ പരിധിയിലാണു സുരേന്ദ്രന്റെ വീട്. എന്നാൽ സുരക്ഷ വേണ്ടെന്ന് എഴുതി നല്‍കിയ സുരേന്ദ്രൻ പൊലീസിനെ തിരിച്ചയക്കുകയായിരുന്നു.
Discussion about this post