കൊച്ചി : മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണ് അനാഥാലയത്തിലെ കുട്ടികൾക്ക് ഈന്തപ്പഴം നൽകുന്ന പദ്ധതി നടപ്പാക്കിയതെന്ന് അന്നത്തെ സാമൂഹിക നീതി വകുപ്പ് ഡയറക്ടർ ആയിരുന്ന ടി.വി അനുപമ. സംസ്ഥാനത്തേക്ക് 17,000 കിലോ ഈന്തപ്പഴം ഇറക്കുമതിചെയ്ത വിഷയത്തിൽ യുഎഇ കോൺസുലേറ്റും സംസ്ഥാന സർക്കാരും തമ്മിൽ യാതൊരുവിധ കത്തിടപാടുകളും നടത്തിയിട്ടില്ലെന്നും അനുപമ മൊഴി നൽകി.
നികുതി അടയ്ക്കാതെ ഈന്തപ്പഴം ഇറക്കുമതി ചെയ്ത കേസ് അന്വേഷിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരെയാണ് അനുപമ ഇക്കാര്യങ്ങൾ അറിയിച്ചത്. സംസ്ഥാനത്തെ അനാഥാലയങ്ങളിലെ കുട്ടികൾക്ക് ഈന്തപ്പഴം വിതരണം ചെയ്യുന്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നത് 2017 മെയ് 26 നാണ്. ഈന്തപ്പഴം ഇറക്കുമതി ചെയ്തത് യുഎഇ കോൺസുലേറ്റ് വഴിയായിരുന്നു. 17,000 കിലോ ഈന്തപ്പഴം കേരളത്തിലേക്ക് ഇറക്കുമതി ചെയ്തെങ്കിലും എല്ലാ ജില്ലകളിലേക്കും ഇതെത്തിയിട്ടില്ലെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ.
Discussion about this post