വാഷിംഗ്ടൺ ഡി.സി : വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പ്രസിഡണ്ട് സ്ഥാനാർത്ഥി ജോ ബൈഡൻ ജയിച്ചാൽ, ഒരൊറ്റ മാസത്തിനുള്ളിൽ കമല ഹാരിസ് പ്രസിഡണ്ടായി അവരോധിക്കപ്പെടുമെന്ന് ഡൊണാൾഡ് ട്രംപ്. ഇപ്പോഴത്തെ വൈസ് പ്രസിഡണ്ട് മൈക് പെൻസും, വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥി കമല ഹാരിസും തമ്മിലുള്ള തെരഞ്ഞെടുപ്പ് സംവാദം ബുധനാഴ്ച നടന്നിരുന്നു. ഇതിൽ, കമലയുടെ പ്രകടനത്തെക്കുറിച്ചാണ് ട്രംപിന്റെ പരിഹാസം.
“കഴിഞ്ഞ ദിവസം ഉണ്ടായത് ഒരു മത്സരം പോലുമല്ലെന്നാണ് ഞാൻ കരുതുന്നത്. അവർ ഭീതിപ്പെടുത്തി. അത്രയ്ക്ക് ഇഷ്ടമല്ലാത്തത്, മോശമായത് നിങ്ങൾക്ക് കിട്ടും എന്ന് ഞാൻ കരുതുന്നില്ല അവർ ഒരു കമ്മ്യൂണിസ്റ്റാണ്..! നമുക്കൊരു കമ്മ്യൂണിസ്റ്റിനെ കിട്ടാൻ പോകുന്നു.! നോക്കൂ.. ജോ ബൈഡൻ രണ്ടു മാസം പോലും തികച്ചു ഭരിക്കില്ല. ശേഷം, പ്രസിഡണ്ടായി സ്ഥാനമേൽക്കുക കമല ഹാരിസ് ആയിരിക്കും” ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് തുറന്നടിച്ചു.
“അവർ ഒരു കമ്മ്യൂണിസ്റ്റാണ്, അല്ലാതെ സോഷ്യലിസ്റ്റല്ല. അവരുടെ കാഴ്ചപ്പാടുകൾ നോക്കൂ..! അതിർത്തി തുറന്ന് കൊലയാളികളെയും ബലാൽസംഗികളെയും നമ്മുടെ രാജ്യത്തേക്ക് ഒഴുക്കി വിടാനാണ് അവർ ആഗ്രഹിക്കുന്നത്.” ബൈഡൻ, ഹാരിസ് എന്നിവരെ പോലെ ഒരു റിപ്പബ്ലിക്കൻ നുണ പറഞ്ഞാൽ, മാധ്യമങ്ങൾ മുമ്പൊരിക്കലും രേഖപ്പെടുത്താത്ത തരത്തിൽ അവരെ രേഖപ്പെടുത്തുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
Discussion about this post