തിരുവനന്തപുരം : അശ്ലീല യൂട്യൂബർ വിജയ്.പി.നായരെ മർദിച്ച കേസിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ള 3 പേർ ഒളിവിലാണെന്ന് പോലീസ്. ദിയ സന, ശ്രീലക്ഷ്മി അറക്കൽ, ഭാഗ്യലക്ഷ്മി എന്നിവർ വീടുകളിലില്ലെന്നും ഇവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം മൂന്നുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളിയിരുന്നു. മോഷണം, മുറിയിൽ അതിക്രമിച്ച് കടക്കൽ തുടങ്ങിയ അഞ്ചു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് 3 പേർക്കെതിരെയും ചാർജ് ചെയ്തിട്ടുള്ളത്. കോടതി, യൂട്യൂബർ വിജയ്. പി. നായരുടെ മുറിയിൽ അതിക്രമിച്ച് കയറി മർദിച്ച നടപടിയെ രൂക്ഷമായി വിമർശിച്ചിരുന്നു. കായിക ബലം കൊണ്ട് നിയമത്തെ നേരിടാനാകില്ലെന്നും സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ടെന്നും കോടതി പറഞ്ഞു. മാത്രമല്ല, സംസ്കാരത്തിനു ചേരാത്ത പ്രവർത്തിയാണ് പ്രതികളുടേതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇവർക്ക് ജാമ്യം നൽകുന്നത് നിയമം കയ്യിലെടുക്കുന്നതിന് പ്രചോദനമാകുമെന്ന് പ്രോസിക്ക്യൂഷൻ വാദിച്ചിരുന്നു. തുടർന്നാണ്, ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത്.
Discussion about this post