യു.പിയിൽ, പെൺകുട്ടി കൊല്ലപ്പെട്ട കേസ് അന്വേഷിക്കാൻ നിയുക്ത സിബിഐ സംഘം ഹത്രാസിലെത്തി. ഈ കേസ് ഇതുവരെ അന്വേഷിച്ചിരുന്ന ഉത്തർപ്രദേശ് പോലീസിൽ നിന്നും കേസ് റെക്കോർഡുകൾ കൈപ്പറ്റാനാണ് സിബിഐ ടീമിന്റെ സന്ദർശനം.
കേസിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരും ജില്ലാ പോലീസ് അധികാരികളും ചേർന്ന് പെൺകുട്ടിയുടെ മെഡിക്കൽ റിപ്പോർട്ടും പരിശോധിക്കും. കേസ് സിബിഐക്ക് വിടാനുള്ള ഉത്തരവിനു തൊട്ടുപിറകെ, ഇന്ത്യൻ ശിക്ഷാനിയമം 376 ഡി, 307, 302, കീഴ്ജാതിക്കാർക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുന്ന വിവിധ വകുപ്പുകൾ എന്നിവയെല്ലാം ചേർത്ത് ഞായറാഴ്ചയാണ് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തത്. ഏറെ വിവാദമായ ഹത്രാസ് കേസ് അന്വേഷിക്കാൻ സി.ബി.ഐ പ്രത്യേക ടീം രൂപീകരിച്ചിട്ടുണ്ട്.
അതേസമയം, ഹത്രാസ് സംഭവത്തെ തുടർന്നുണ്ടായ ജനരോഷത്തെ മുൻനിർത്തി സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകരെ എൻഫോഴ്‌സ്‌മെന്റ് വിഭാഗം മഥുര ജയിലിലേക്ക് മാറ്റുമെന്ന് അറിയിച്ചു. ഹത്രാസ് കൊലപാതകം മുൻനിർത്തി ക്രമസമാധാനം തകർക്കാനായി പണം സ്വീകരിച്ച സംഭവത്തിൽ ഇവരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അധികൃതർ.
Discussion about this post