മുംബൈ : മഹാരാഷ്ട്രയിൽ കുത്തനെ ഉയരുന്ന ലൗജിഹാദ് കേസുകൾ ദേശീയതലത്തിൽ ശ്രദ്ധേയമാകുന്നു. ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സനായ രേഖ ശർമ മഹാരാഷ്ട്ര ഗവർണറായ ഭഗത് സിംഗ് കോഷിയാരിയുമായി മുംബൈയിൽ വച്ച് കൂടിക്കാഴ്ച്ച നടത്തി. മഹാരാഷ്ട്രയിൽ വർദ്ധിക്കുന്ന ലൗജിഹാദ് കേസുകളെ പറ്റിയാണ് ഇരുവരും ഗഹനമായി ചർച്ച ചെയ്തത്.
പരസ്പരസമ്മത പ്രകാരമുള്ള മിശ്രവിവാഹങ്ങളും ലവ്ജിഹാദും തമ്മിലുള്ള വ്യത്യാസവും പ്രകടമാണെന്നും, ലവ്ജിഹാദിൽ ആഭ്യന്തര വകുപ്പ് കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും അവർ വ്യക്തമാക്കി. രണ്ടുദിവസത്തെ മുംബൈ സന്ദർശനത്തിനെത്തിയപ്പോഴാണ് രേഖ ശർമ മഹാരാഷ്ട്ര ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയത്. മഹാരാഷ്ട്രയിലെ പുതിയ സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സന്റെ നിയമത്തെപ്പറ്റി അന്വേഷിച്ച രേഖ, നിയമനമുണ്ടാവുന്നതു വരെ സംസ്ഥാനത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ദേശീയ വനിതാ കമ്മീഷനിലെ ഒരംഗം മാസം തോറും മുംബൈയിലെത്തുമെന്നും അവർ അഭിപ്രായപ്പെട്ടു.
കോവിഡ് ആശുപത്രികളിൽ നിലവിലുള്ള സുരക്ഷാ സംവിധാനവും ചർച്ചയിൽ വിഷയമായിരുന്നു. ഡോക്ടർമാരും രോഗികളും ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നുണ്ടെന്ന് ശർമ വെളിപ്പെടുത്തി. കൊവിഡ് ബാധിതരായ ഏകദേശം 11 സ്ത്രീകളെങ്കിലും ലൈംഗിക അതിക്രമങ്ങൾക്കിരയായതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ആശുപത്രികളിൽ കർശനമായും സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും അവർ പറഞ്ഞു. ആശുപത്രിയിൽ ജീവനക്കാരെ നിയമിക്കുമ്പോൾ അവരുടെ ജീവിതപശ്ചാത്തലം പരിശോധിച്ചതിനു ശേഷം മാത്രമേ നിയമിക്കാവൂവെന്നും അവർ നിർദ്ദേശിച്ചു.
സംസ്ഥാനത്ത് 188 കേസുകളാണ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ എഗൈൻസ്റ്റ് സെക്ഷ്വൽ ഓഫൻസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാതൃകാപരമായി ഈ കേസുകളെല്ലാം പരിഗണിച്ച് മൂന്നു മാസത്തിനുള്ളിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ ഇല്ലാതാക്കണമെന്ന് അവർ വ്യക്തമാക്കി. സംസ്ഥാനത്ത് ‘മനോധൈര്യ’ പദ്ധതി നടപ്പിലാക്കണമെന്ന് അവർ ആവശ്യപ്പെട്ടിട്ടുണ്ട്. ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്ക് ജീവിക്കാനുള്ള സാമ്പത്തിക സഹായം നൽകുകയാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് ഈ പദ്ധതി സാവധാനത്തിലാണ് നടക്കുന്നതെന്നും രേഖ ശർമ ചൂണ്ടിക്കാട്ടി.
Discussion about this post