പാലക്കാട് : വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ പൊലീസിനെതിരെ ആരോപണങ്ങളുമായി പെൺകുട്ടികളുടെ അമ്മ. കഴിഞ്ഞ ദിവസം മൊഴിയെടുക്കാൻ വന്ന പോലീസ് ഉദ്യോഗസ്ഥർ താൻ പറഞ്ഞ കാര്യങ്ങളല്ല എഴുതിയെടുത്തതെന്നാണ് അവർ ആരോപിച്ചത്. മാത്രമല്ല, കേരള പോലീസ് കേസ് അന്വേഷിച്ചാൽ അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും പെൺകുട്ടികളുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
വാളയാർ കേസിന്റെ തുടരന്വേഷണ സാധ്യത ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ, കഴിഞ്ഞ തിങ്കളാഴ്ചയാണ് വീട്ടിലെത്തി രണ്ടു പോലീസ് ഉദ്യോഗസ്ഥർ പെൺകുട്ടികളുടെ അമ്മയുടെ മൊഴിയെടുത്തത്. ‘ മക്കൾ ജീവിച്ചിരുന്ന സമയത്തുണ്ടായിരുന്ന ഷെഡ് പൊളിച്ചോയെന്നാണ് പോലീസുകാർ ആദ്യം ഫോൺ വിളിച്ചു ചോദിച്ചത്. അത് കാണാനെന്നു പറഞ്ഞാണ് തിങ്കളാഴ്ച പോലീസുകാരെത്തിയത്. വീട്ടിലെത്തിയപ്പോൾ മൊഴിയെടുക്കണമെന്നും കേസിൽ സംശയമുള്ളവരുടെ പേരുകൾ പറയാനും ആവശ്യപ്പെട്ടു’- പെൺകുട്ടികളുടെ അമ്മ കൂട്ടിച്ചേർത്തു. ഒക്ടോബർ 25, 31 എന്നീ ദിവസങ്ങൾ താൻ ചതിക്കപ്പെട്ട ദിവസങ്ങളാണെന്നും കഴിഞ്ഞ ഒക്ടോബർ 25 നാണ് പ്രതികളെ പോക്സോ കോടതി വെറുതെവിട്ടത്, ഒക്ടോബർ 31 നാണ് മുഖ്യമന്ത്രി പ്രതികൾക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയതെന്നും അവർ പറഞ്ഞു.
Discussion about this post