തിരുവനന്തപുരം : സംസ്ഥാനത്ത് സ്വന്തമായി കേസ് അന്വേഷിക്കുന്നതിൽ നിന്നും സിബിഐയെ വിലക്കുന്നത് സംബന്ധിച്ച കാര്യത്തിൽ തീരുമാനം ഇന്നോ നാളെയോ ഉണ്ടാകും. മുഖ്യമന്ത്രിയുടേതായിരിക്കും അന്തിമ തീരുമാനം. സർക്കാർ അനുവാദമില്ലാതെ അന്വേഷണത്തിനെത്തിയാൽ സിബിഐയെ വിലക്കണമെന്ന നിർദ്ദേശം മുന്നോട്ടു വച്ചത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സിപിഐയുമാണ്.
നേരത്തെ എജിയും ഡയറക്ടർ ജനറൽ പ്രോസിക്യൂഷനും സംസ്ഥാനം സിബിഐക്ക് നൽകിയിട്ടുള്ള പൊതു സമ്മതപത്രം റദ്ദാക്കാൻ പ്രത്യേക നിയമനിർമാണം വേണ്ടെന്നും മന്ത്രിസഭ തീരുമാനിച്ചാൽ മതിയെന്നും നിയമോപദേശം നൽകിയിരുന്നു. എന്നാൽ, കോടതിയുടെ ഇടപെടലിൽ സംസ്ഥാനത്ത് സിബിഐ എത്തിയാൽ സർക്കാർ വിലക്കേർപ്പെടുത്തിയാലും സിബിഐയെ തടയാനാവില്ല.
സിബിഐ വിലക്കണമെന്ന നിലപാടിലേക്ക് സംസ്ഥാന സർക്കാരിനെ നയിച്ച ലൈഫ് മിഷൻ അന്വേഷണം കോടതിയുടെ പരിഗണനയിലാണ്. ഇതിനിടയിൽ, സിബിഐക്ക് സംസ്ഥാനത്ത് വിലക്കേർപ്പെടുത്തിയാൽ അത് നിയമ യുദ്ധത്തിലേക്ക് വഴിമാറുമെന്ന് സർക്കാർ ഭയക്കുന്നുണ്ട്.
Discussion about this post