തിരുവനന്തപുരം : കോവിഡ് മൂലം അടച്ചിട്ടിരുന്ന സംസ്ഥാനത്തെ ബാറുകളെല്ലാം അടുത്ത ആഴ്ച തുറന്നേക്കും. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ അഞ്ചാം തീയതി ഉണ്ടാകുന്നതിനു മുൻപ് ബാറുകൾ തുറക്കാനാണ് സർക്കാർ തീരുമാനം.
കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും ബാറുകൾ തുറക്കുക. ഒരു മേശക്ക് ഇരുവശത്തുമായി ആവശ്യമായ അകലം പാലിച്ചുകൊണ്ട് രണ്ടുപേരെ മാത്രമേ ഇരിക്കാൻ അനുവദിക്കൂ. ഭക്ഷണം പങ്കുവെച്ച് കഴിക്കാൻ അനുവദിക്കില്ല. ഭക്ഷണം വിളമ്പുന്ന വെയിറ്റർ മാസ്കും കയ്യുറയും നിർബന്ധമായും ധരിച്ചിരിക്കണം. പ്രോട്ടോക്കോൾ പാലിക്കുന്നുവെന്നുറപ്പു വരുത്താൻ എക്സൈസ്, പോലീസ്, റവന്യൂ വിഭാഗങ്ങൾ ബാറുകളിൽ പരിശോധന നടത്തും. ലോക്ഡൗൺ ആരംഭിച്ച കാലം മുതൽ പൂട്ടിക്കിടക്കുന്ന ബാറുകൾ തുറക്കുന്നത് കർശനമായ പരിശോധനകൾക്കു ശേഷമായിരിക്കും.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നു കഴിഞ്ഞാൽ പിന്നെ ഡിസംബർ അവസാനമാവാതെ ബാറുകൾ തുറക്കാൻ കഴിയില്ല. മൂന്നുമാസം കഴിഞ്ഞാൽ നിയമസഭാതെരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാൽ ബാറുകൾ തുറക്കുന്നത് വൻ വിവാദം സൃഷ്ടിക്കും.
ഇങ്ങനെയൊരു സാഹചര്യം നിലനിൽക്കുന്നതിനാൽ ഒക്ടോബർ അവസാനത്തോടു കൂടിയോ നവംബർ ആദ്യ വാരത്തോടു കൂടിയോ ബാറുകൾ തുറക്കാനാണ് സർക്കാരിന്റെ നീക്കം.
Discussion about this post