പാറ്റ്ന: ഉത്തർപ്രദേശിൽ മഹാസഖ്യത്തിന്റെ ഭാഗമായിരുന്ന രാഹുൽ ഗാന്ധിയേയും തേജസ്വി യാദവിനെയും പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിൽ ഇരട്ട യുവ രാജാക്കന്മാർക്ക് സംഭവിച്ചത് തന്നെ ബീഹാറിൽ ആവർത്തിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
ബീഹാറിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെ, പേരെടുത്തു പറയാതെയായിരുന്നു ഇരുവർക്കുമെതിരെയുള്ള പ്രധാനമന്ത്രിയുടെ പരിഹാസം. തേജസ്വി യാദവിനെ ‘ജംഗിൾ രാജിന്റെ യുവരാജ്’ എന്നാണ് മോദി വിശേഷിപ്പിച്ചത്. “മൂന്നോ നാലോ വർഷം മുമ്പ് ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും രണ്ടു യുവരാജാക്കന്മാരാണ് കറുത്ത ജാക്കറ്റുമിട്ട് ബസ്സിന്റെയും മറ്റും മുകളിൽ കയറി കൈവീശി കടന്നുപോയത്. പക്ഷേ ജനങ്ങൾ അവരെ തകർത്തു തരിപ്പണമാക്കി. അതിലൊരു യുവരാജാവ് ബീഹാറിൽ ജംഗിൾ രാജിന്റെ യുവരാജാവുമായാണ് ഒന്നിച്ചിരിക്കുന്നത്. എന്നാൽ, ഇരട്ട എഞ്ചിനുള്ള എൻ.ഡി.എ സർക്കാരിനെയാകും ജനങ്ങൾ പിന്തുണയ്ക്കുക”- അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല, ചില നേതാക്കന്മാർക്ക് ബീഹാറിലെ ജനങ്ങളെ കുറിച്ച് യാതൊരു ചിന്തയുമില്ലെന്നും അവർ എപ്പോഴും അവരുടെ കുടുംബത്തിന് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ബീഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് നടന്നത് 71 സീറ്റുകളിലേക്കാണ്. നവംബർ മൂന്നിനും ഏഴിനും ബാക്കിയുള്ള 172 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും. നവംബർ പത്തിനായിരിക്കും ഫലപ്രഖ്യാപനം.
Discussion about this post