പാരീസ് : സ്ത്രീകൾ പുരുഷന്മാർക്കു തുല്യരല്ലെന്നാണ് തീവ്രവാദികൾ പഠിപ്പിക്കുന്നതെന്നും എന്നാൽ ഫ്രാൻസിൽ ഇതൊന്നും നടക്കില്ലെന്നും ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ. ട്വിറ്ററിൽ അറബിക് ഭാഷയിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്.
” ഫ്രാൻസ് ബഹുമാനിക്കപ്പെടാൻ പാടില്ലെന്ന് തീവ്രവാദികൾ പഠിപ്പിക്കുകയാണ്. അവർ പുരുഷന്മാർക്ക് തുല്യരല്ല സ്ത്രീകളെന്നും പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരേ അവകാശം പാടില്ലെന്നും പറയുന്നു. ഞാൻ കൃത്യമായി പറയട്ടെ, അത് ഞങ്ങളുടെ രാജ്യത്ത് നടക്കില്ല”- ഇമ്മാനുവേൽ മാക്രോൺ ട്വീറ്റ് ചെയ്തു. ഫ്രാൻസിലെ സംഘർഷങ്ങൾക്കും വിവാദങ്ങൾക്കുമിടെ അൽ ജസീറയ്ക്ക് ഫ്രഞ്ച് പ്രസിഡന്റ് അഭിമുഖം അനുവദിച്ചിരുന്നു. ട്വിറ്ററിൽ ഈ അഭിമുഖം പങ്കുവെച്ചാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
ഇതിനു പിന്നാലെ, അക്രമത്തെ ന്യായീകരിക്കാൻ കഴിയുമെന്ന അവരുടെ വാദങ്ങളെ താൻ ഒരിക്കലും അംഗീകരിക്കുകയില്ലെന്നും സ്വാതന്ത്ര്യവും അവകാശവും സംരക്ഷിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും വ്യക്തമാക്കി മറ്റൊരു ട്വീറ്റ് കൂടി അദ്ദേഹം പങ്കു വെച്ചിട്ടുണ്ട്. ഫ്രാൻസ് എതിർക്കുന്നത് ഇസ്ലാം മതത്തെയല്ല, ഇസ്ലാം മതത്തിന്റെ പേരിൽ നടക്കുന്ന ആക്രമണങ്ങളെയാണെന്ന് ഇമ്മാനുവൽ മാക്രോൺ അൽ ജസീറയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Discussion about this post