കൊച്ചി: സ്വർണ്ണവും പണവും കടത്താൻ മന്ത്രി കെ ടി ജലീൽ മതം ഉപയോഗപ്പെടുത്തിയെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണൻ. യു എ ഇ കോൺസുലേറ്റ് വഴി ഖുറാൻ കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ജലീലിനെ കസ്റ്റംസ് വിളിപ്പിച്ച സാഹചര്യത്തിൽ മന്ത്രിക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടി കോൺസുലേറ്റുമായി ഇടപെട്ട മന്ത്രി യാതൊരു മടിയുമില്ലാതെ രാജ്യത്തെ നിയമങ്ങൾ ലംഘിച്ചിരിക്കുകയാണെന്നും രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. ജലീൽ യു എ ഇ കോൺസുലേറ്റുമായി നിരന്തരം സമ്പർക്കം പുലർത്തുകയും അവരിൽ നിന്ന് ആനുകൂല്യങ്ങൾ കൈപ്പറ്റുകയും ചെയ്തു. കോൺസുലേറ്റ് തന്നെ ബന്ധപ്പെട്ട് ഈന്തപ്പഴവും ഖുറാനും സ്വീകരിക്കാൻ ആവശ്യപ്പെട്ടുവെന്നണ് ജലീൽ പറയുന്നത്. എന്നാൽ കോൺസുലേറ്റ് ഇത് നിഷേധിച്ചിട്ടുണ്ട്. കോൺസുലേറ്റിന്റെ വിവിശദീകരണത്തിൽ ജലീലാണ് അവരെ ബന്ധപ്പെട്ട് സഹായങ്ങൾ അഭ്യർത്ഥിച്ചതെന്നും അദ്ദേഹം ആരോപിക്കുന്നു.
സ്വർണ്ണവും പണവും കടത്താൻ ഖുറാൻ മാത്രമല്ല, സർക്കാർ സംവിധാനങ്ങളും ജലീൽ ദുരുപയോഗം ചെയ്തു. യു എ ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട മന്ത്രിയുടെ ഇടപെടലുകളിൽ പ്രോട്ടോക്കോൾ ലംഘനമുണ്ടായതായി കസ്റ്റംസ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതിനൊക്കെ ജലീൽ കൃത്യമായ മറുപടി പറയണം. ഒരു സംസ്ഥാന മന്ത്രിയെന്ന നിലയിൽ യു എ ഇ കോൺസുലേറ്റുമായി ബന്ധപ്പെടണമെങ്കിൽ ജലീൽ കേന്ദ്രസർക്കാരിന്റെ അനുമതി വാങ്ങണമായിരുന്നു. അത് അദ്ദേഹം ഒരിക്കലും ചെയ്തില്ലെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി.
അതേസമയം ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകൻ കസ്റ്റംസ് കെ ടി ജലീലിന് നോട്ടീസ് നൽകിയിരിക്കുകയാണ്.
Discussion about this post