അമേരിക്കയിൽ കർക്കശക്കാരനായ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പരാജയവും ജോ ബൈഡൻ നേടിയ മിന്നുന്ന വിജയവും ആഗോള രാഷ്ട്രീയ സമവാക്യങ്ങളിൽ കാതലായ മാറ്റം കൊണ്ടു വരുമെന്ന് പ്രതീക്ഷിക്കപ്പെടുമ്പോഴും ഇന്ത്യയോടുള്ള നയസമീപനത്തിൽ മാറ്റമുണ്ടാകാൻ സാദ്ധ്യതയില്ലെന്ന് റിപ്പോർട്ടുകൾ. ഈ നൂറ്റാണ്ട് ഇന്ത്യയും അമേരിക്കയും നയിക്കുന്ന ചരിത്രപ്രാധാന്യമുള്ള യുഗമെന്ന ബൈഡന്റെ പ്രഖ്യാപനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരത്തെ തന്നെ അദ്ദേഹത്തിനുള്ള മികച്ച വ്യക്തിബന്ധവും ഇന്ത്യക്ക് അനുകൂലമായ രാഷ്ട്രീയ പരിതസ്ഥിതിയാണ് വൈറ്റ് ഹൗസിൽ സൃഷ്ടിക്കുന്നത്. എച്ച് വൺ ബി വിസകളിൽ അടക്കമുള്ള ബൈഡന്റെ നിലപാടും ഇതുമായി കൂട്ടിവായിക്കപ്പെടേണ്ടതാണ്.
രാജ്യതാത്പര്യത്തിന് പ്രാമുഖ്യം നൽകുന്ന നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗോള തലത്തിൽ പിന്തുടരുന്നത്. ഉഭയകക്ഷി ബന്ധത്തിൽ പരസ്പര ബഹുമാനം പുലർത്തുന്ന രാജ്യങ്ങളെ മാത്രമേ അദ്ദേഹം വിശ്വാസത്തിൽ എടുക്കുകയുള്ളൂ. ഇത് മനസ്സിലാക്കിയാണ് അമേരിക്ക നയപരമായ സമീപനം ഇന്ത്യയോട് സ്വീകരിച്ച് പോരുന്നത്. ഇതിൽ നിന്നും ഒട്ടും ഭിന്നമായിരിക്കില്ല പുതിയ ഭരണകൂടത്തിന്റെ നിലപാടും എന്നാണ് പ്രാഥമിക സൂചനകൾ.
ഒബാമയുടെ കാലത്ത് ഇന്ത്യ സ്വീകരിച്ചു പോന്നിരുന്ന അമേരിക്കൻ നയം വൈറ്റ് ഹൗസിന്റെ പ്രശംസക്ക് പാത്രമായിരുന്നു. അതേ നയം അന്നത്തെ വൈസ് പ്രസിഡന്റായിരുന്ന ബൈഡന് സുപരിചിതമാണ്. ചൈനയോട് പ്രകോപനപരമായ പ്രസ്താവനകളിലൂടെ കൊമ്പ് കോർക്കുന്നതിന് പകരം നയപരമായ ഏറ്റുമുട്ടൽ എന്നതാവും ബൈഡന്റെ നയം. പ്രത്യക്ഷ പ്രകോപനമില്ലാതെയുള്ള ഈ നയസമീപനം ചൈനക്ക് ആശങ്ക സൃഷ്ടിക്കും.
യൂറോപ്പിലും മറ്റും വർദ്ധിച്ചു വരുന്ന തീവ്രവാദി ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്ന നയമാണ് ബൈഡനും പിന്തുടരുന്നത്. ഈ നയം പാകിസ്ഥാനും ഭീഷണിയാണ്. അഫ്ഗാനിസ്ഥാനിൽ ഹഖാനി ശൃംഖലയുടെ സഹായത്തോടെ താലിബാൻ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന പാക് നയത്തെക്കുറിച്ചുള്ള ഇന്റലിജൻസ് റിപ്പോർട്ടുകൾ മുൻ നിർത്തിയാവും ബൈഡന്റെ പാക് നയം എന്നതും പാകിസ്ഥാന്റെ ചങ്കിടിപ്പ് കൂട്ടുന്നതാണ്. പാകിസ്ഥാന്റെ ഇരട്ടത്താപ്പ് സൗദി ഉൾപ്പെടെയുള്ള ഇസ്ലാമിക രാജ്യങ്ങൾ തുറന്നു കാട്ടുന്നതും അമേരിക്ക ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. തുർക്കിയുമായുള്ള പാകിസ്ഥാന്റെ കൂട്ടുകെട്ട് അമേരിക്കയുടെ കണ്ണിലെ കരടായി തുടരുകയാണ്.
ഒബാമ ഭരണകൂടത്തിന്റെ കാലത്ത് അമേരിക്കയിലെ ഇന്ത്യൻ സ്ഥാനപതിയായിരുന്നു ഇന്നത്തെ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. ജോ ബൈഡനുമായി അടുത്ത ബന്ധമാണ് അദ്ദേഹവും കാത്തു സൂക്ഷിച്ചു പോരുന്നത്. അമേരിക്കയിലെ ഭരണമാറ്റം നിർണ്ണായകമായ വഴിത്തിരിവ് ആഗോള രാഷ്ട്രീയ രംഗത്ത് സൃഷ്ടിച്ചിരിക്കുകയാണെങ്കിലും സ്ഥിരതയാർന്ന വിദേശ നയവുമായി മുന്നോട്ട് പോകുന്ന ഇന്ത്യ ആത്മവിശ്വാസത്തോടെയാണ് ഈ സാഹചര്യത്തെ സ്വാഗതം ചെയ്യുന്നത്.
Discussion about this post