കൊച്ചി: ഖുർആൻ ഇറക്കുമതി ചെയ്ത സംഭവത്തിൽ മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇന്ന് ചോദ്യം ചെയ്യും. കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് മന്ത്രിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
കോൺസുലേറ്റ് വഴി മതഗ്രന്ഥം ഇറക്കുമതി ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്തതിൽ ചട്ടലംഘനം ഉണ്ടായെന്നാണ് ജലീലിനെതിരെയുള്ള ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ദേശീയ അന്വേഷണ ഏജൻസിയും എൻഫോഴ്സ്മെന്റ് അധികൃതരും ജലീലിനെ ചോദ്യം ചെയ്തിരുന്നു. ഈ മൊഴി ശേഖരിച്ച്, കസ്റ്റംസ് വിപുലമായ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. 4478 കിലോഗ്രാം മതഗ്രന്ഥമാണ് നയതന്ത്ര പാഴ്സലായി കേരളത്തിലെത്തിച്ച് മലപ്പുറത്ത് വിതരണം ചെയ്തത്. ഇതിൽ പ്രോട്ടോകോൾ ലംഘനം ഉണ്ടായെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.
നയതന്ത്ര പാഴ്സലിൽ എത്തുന്ന വസ്തുക്കൾ, പുറത്തു വിതരണം ചെയ്യാൻ പാടില്ലെന്നാണ് നിയമം. യു.എ.ഇ കോൺസുലേറ്റ് വഴി നികുതിയിളവ് അനുവദിച്ചു കിട്ടിയ ഖുർആൻ പുറത്തു വിതരണം ചെയ്യുന്നത് ചട്ട വിരുദ്ധമാണ്. പോരാത്തതിന്, ജലീൽ മന്ത്രി ആയ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സി ആപ്റ്റിന്റെ വാഹനത്തിലാണ് ഖുർആൻ വിവിധ കേന്ദ്രങ്ങളിലെത്തിച്ചത്.
Discussion about this post