മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച മലയാളി യുവതാരം ദേവ്ദത്ത് പടിക്കലിന് പ്രശംസയുമായി മുൻ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ ബ്രെറ്റ് ലീ.
‘പടിക്കൽ മികച്ച പ്രതിഭയാണ്. ഇന്ത്യൻ യുവതാരങ്ങളുടെ പ്രകടനം ഗംഭീരമാണ്. ദേവ്ദത്ത് പടിക്കലിന്റെയും രാഹുൽ തെവാട്ടിയയുടെയും ടീമെന്ന നിലയിൽ ഡൽഹി ക്യാപിറ്റൽസിന്റെയും പ്രകടനമാണ് ഈ സീസണിലെ ശ്രദ്ധേയമായവ. തീർച്ചയായും ഫാസ്റ്റ് ബൗളർമാരുടെ പ്രകടനങ്ങളും മികച്ചു നിന്നു.‘ ലീ പറഞ്ഞു.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി മികച്ച പ്രകടനമാണ് ഇത്തവണ മലയാളിയായ യുവ ഓപ്പണർ ദേവ്ദത്ത് പടിക്കൽ കാഴ്ചവെച്ചത്. ബാംഗ്ലൂരിനായി 15 മത്സരങ്ങളിൽ നിന്നും പടിക്കൽ 473 റൺസ് നേടിയിരുന്നു. ഇതിൽ അഞ്ച് അർദ്ധ സെഞ്ചുറികൾ ഉൾപ്പെട്ടിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും ദേവ്ദത്ത് പടിക്കലിനെ കുറിച്ച് മികച്ച അഭിപ്രായമാണുള്ളത്. മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യുവരാജ് സിംഗും പടിക്കലിന്റെ ബാറ്റിംഗ് മികവിനെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു.
രാജസ്ഥാൻ റോയൽസിന്റെ മലയാളി താരം സഞ്ജു വി സാംസണ് പ്രശംസയുമായി വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ രംഗത്ത് വന്നിരുന്നു. തന്റെ ടീമിൽ ഒന്നാമനായി സഞ്ജുവിനെ പരിഗണിക്കുമെന്ന് ലാറ അഭിപ്രായപ്പെട്ടിരുന്നു. ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു ഇടം പിടിച്ചിട്ടുണ്ട്.
Discussion about this post