കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഇടത് എം എൽ എ ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപിനെതിരെ തെളിവുമായി അന്വേഷണ സംഘം. കേസിൽ നടൻ ദിലീപിന് അനുകൂലമായി മൊഴി നൽകാൻ മാപ്പുസാക്ഷി വിപിൻ ലാലിനെ പ്രദീപ് കാസർകോടെത്തി നേരിട്ടും ഫോണിലൂടെയും കത്തുകളിലൂടെയും ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ ജനുവരി 24ന് പ്രദീപ് കുമാര്‍ കാസർകോട് ജൂവലറിയിൽ എത്തി വിപിൻ ലാലിന്‍റെ ബന്ധുവിനെ കാണുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
ക്വട്ടേഷൻ തുക ആവശ്യപ്പെട്ട് മുഖ്യപ്രതി സുനിൽ കുമാർ ജയിലിൽ നിന്ന് ദിലീപിന് അയച്ച കത്ത് എഴുതിക്കൊടുത്തത് സഹതടവുകാരനായിരുന്ന വിപിൻ ലാലായിരുന്നു. ആദ്യം കേസിൽ പ്രതി ചേർത്ത വിപിൻലാലിനെ പിന്നീട് മാപ്പുസാക്ഷിയാക്കുകയായിരുന്നു.
അതേസമയം കേസുമായി ബന്ധപ്പെട്ട് പ്രദീപിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. പ്രദീപ് കുമാറിനെ ഇന്നലെ 5 മണിക്കൂറോളം ബേക്കൽ പൊലീസ് ചോദ്യം ചെയ്തിരുന്നു.
Discussion about this post