തൃശൂർ: ചീയാരത്ത് പെൺകുട്ടിയെ കഴുത്തറുത്ത ശേഷം തീ കൊളുത്തി കൊന്ന കേസിൽ പ്രതിയ്ക്ക് ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും. എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി നീതുവിനെ കൊന്ന കേസിൽ വടക്കേക്കാട് സ്വദേശി നിധീഷിനാണ് തൃശ്ശൂര്‍ ജില്ലാ പ്രിൻസിപ്പൽ കോടതി ശിക്ഷ വിധിച്ചത്.
2019 ഏപ്രില്‍ നാലിനാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. പ്രണയാഭ്യർത്ഥന നിരസിച്ചതിനാണ് പ്രതി നീചകൃത്യം ചെയ്തത്. ചീയാരം പോസ്റ്റ് ഓഫീസിന് സമീപത്തുളള നീതുവിന്‍റെ വീട്ടിലേക്ക് ഇരുചക്ര വാഹനത്തിലാണ് പ്രതി എത്തിയത്. വീട്ടിലേക്ക് കയറി വന്ന യുവാവ് കയ്യില്‍ കരുതിയ ആയുധം ഉപയോഗിച്ച് പെൺകുട്ടിയുടെ കഴുത്തറുത്ത ശേഷം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി മരിച്ചു. തുടർന്ന് പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
നെടപുഴ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍, സിറ്റി ക്രൈംബ്രാഞ്ച് അസി. പൊലീസ് കമ്മീഷണറായ സി ഡി ശ്രീനിവാസനാണ് അന്വേഷണം പൂർത്തിയാക്കിയത്.
Discussion about this post