തിരുവനന്തപുരം: ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വലിയ അഴിമതി നടന്നതു കൊണ്ടാണ് കിഫ്ബിയുടെ കാര്യത്തിൽ മുഖ്യമന്ത്രി ജനങ്ങളെ ആവർത്തിച്ച് തെറ്റിദ്ധരിപ്പിക്കുന്നത്. കേന്ദ്ര സർക്കാർ സി.എ.ജിയെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണം ഭരണഘടനയെ കുറിച്ചുള്ള അജ്ഞതയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
. ഇതുവരെ ഒരു പ്രതിപക്ഷവും ഉന്നയിക്കാത്ത കാര്യങ്ങൾ പിണറായി വിജയൻ പറയുന്നത് പരിഹാസ്യമാണ്. കരടിലില്ലാത്ത കാര്യങ്ങൾ റിപ്പോർട്ടിൽ ഉണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നിയമസഭയിൽ വെക്കേണ്ട സി.എ.ജി റിപ്പോർട്ട് എങ്ങനെയാണ് മുഖ്യമന്ത്രി കാണുക? അങ്ങനെ കണ്ടെങ്കിൽ അത് സത്യപ്രതിജ്ഞാലംഘനമാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
കിഫ്ബി ഓഡിറ്റിംഗിൽ പ്രശ്നമില്ലെങ്കിൽ ഇപ്പോൾ എന്തിനാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും ഉറഞ്ഞു തുള്ളുന്നത്. മുഖ്യമന്ത്രി സംസ്ഥാന സർക്കാർ പദ്ധതികളെല്ലാം അഴിമതി നടത്താനുള്ള ഉപാധിയാക്കുകയാണ്. സി.എം രവീന്ദ്രനെയും പുത്തലത്ത് ദിനേശനെയും അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്താൽ കേരളത്തിലെ പല അഴിമതികളും പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് വലിയ അഴിമതികളെല്ലാം നടന്നത്. സിഎജിയുടെ ചോദ്യങ്ങൾക്ക് ഭരണഘടനാപരമായി മറുപടി നൽകുകയാണ് സംസ്ഥാനം ചെയ്യേണ്ടത്. എന്നാൽ റിപ്പോർട്ട് പൊളിച്ചുനോക്കി അത് രാഷ്ട്രീയ പ്രചരണമാക്കുന്നത് അഴിമതി നടന്നതു കൊണ്ടാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
കിഫ്ബിയെ അല്ല ബി.ജെ.പി എതിർക്കുന്നത്. കിഫ്ബിയിൽ ഐസക്ക് അഴിമതി നടത്തിയെന്നും മസാല ബോണ്ടിൽ ക്രമക്കേട് നടന്നുവെന്നുമാണ് ബിജെപി ചൂണ്ടിക്കാണിച്ചത്. തിരഞ്ഞെടുപ്പ് കാലത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് മാദ്ധ്യമങ്ങൾ അമിതപ്രാധാന്യം നൽകുന്നത് ശരിയല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
കൊവിഡിന്റെ മറവിൽ മുഖ്യമന്ത്രി രാഷ്ട്രീയമാണ് പറയുന്നത്. കേന്ദ്രസർക്കാർ സി.എ.ജിയെ ഉപയോഗിച്ച് കേരളത്തിന്റെ വികസനം അട്ടിമറിക്കുകയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കഴിഞ്ഞ മാസം 50,000 കോടി രൂപ ദേശീയപാത വികസനത്തിന് നിതിൻ ഗഡ്ക്കരി തന്നെന്നു പറഞ്ഞ പിണറായി ഇപ്പോൾ മാറ്റി പറയുന്നുത് വെറും രാഷ്ട്രീയമാണ്.
ഏത് കാര്യത്തിലാണ് കേന്ദ്രം കേരളത്തെ അവഗണിച്ചതെന്ന് പിണറായി വിജയൻ വ്യക്തമാക്കണം. 8 മന്ത്രിമാർ കേരളത്തിൽ നിന്നുണ്ടായിരുന്ന യു.പി.എ സർക്കാരിനേക്കാൾ കേരളത്തെ സഹായിക്കുന്നത് മോദി സർക്കാരാണെന്ന് പറഞ്ഞത് മന്ത്രി ജി.സുധാകരനാണ്. കേരളത്തിന്റെ വികസനത്തിന് എത്ര പണം കേന്ദ്രം തന്നെന്ന് മുഖ്യമന്ത്രി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപിയുടെ മുന്നേറ്റത്തിൽ പരിഭ്രാന്തരായ സി.പി.എം തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ജനാധിപത്യവിരുദ്ധ സമീപനം സ്വീകരിക്കുകയാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയുടെ അപരൻമാർക്ക് താമര ചിഹ്നത്തിന്റെ തൊട്ടടുത്ത് സമാനതയുള്ള റോസാപൂവ് കൊടുത്തിരിക്കുന്നത് ജനാധിപത്യ മര്യാദയുടെ ലംഘനമാണ്. തിരഞ്ഞെടുപ്പിൻ്റെ സാമാന്യ മര്യാദകൾ അറിയുന്ന ആരെങ്കിലും ഇത് ചെയ്യുമോയെന്ന് കെ സുരേന്ദ്രൻ ചോദിച്ചു.
കോർപ്പറേഷനിൽ ഏഴു സ്ഥലത്താണ് ഇത്തരത്തിൽ ക്രമക്കേടുള്ളത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കൊണ്ട് ക്രമക്കേട് നടത്തുന്നു. ബി.ജെ.പിക്ക് ജയസാധ്യതയുള്ള ആര്യനാട് ജില്ലാ പഞ്ചായത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് ചിഹ്നം നിഷേധിച്ചു. ഇതുകൊണ്ടൊന്നും എൻ.ഡി.എയുടെ മുന്നേറ്റം തടയാനാവില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Discussion about this post