കൊൽക്കത്ത: കൽക്കരി കള്ളക്കടത്തുമായി ബന്ധപ്പെട്ട് പശ്ചിമബംഗാളിലെ ഇരുപത്തഞ്ചോളം കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി സിബിഐ. സിബിഐയുടെ അഴിമതിവിരുദ്ധ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
കൽക്കരി വ്യവസായ നഗരമായ അസൻസോളിലെ കൽക്കരി വ്യവസായി അനൂപ് മാജിയാണ് റാക്കറ്റിനു നേതൃത്വം നൽകുന്നതെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്. അസൻസോൾ, ദുർഗാപൂർ, ബർദ്വാൻ ജില്ലയിലെ റാണിഖഞ്ച്, 24 സൗത്ത് പർഗനാസ് ജില്ലയിലെ ബിശ്നാപുർ തുടങ്ങിയ സ്ഥലങ്ങളിലുള്ള അനൂപ് മാജിയുടെ വീട്, ഓഫീസുകൾ എന്നിവിടങ്ങളിലും അനൂപ് മാജിയുമായി ബന്ധപ്പെട്ട മറ്റു സ്ഥലങ്ങളിലുമാണ് സിബിഐ റെയ്ഡ് നടത്തിയത്. കൊൽക്കത്തയിലെ ചില സ്ഥലങ്ങളിൽ റെയ്ഡ് നടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അനൂപ് മാജിയുടെ നേതൃത്വത്തിലുള്ള റാക്കറ്റ് ചില രാഷ്ട്രീയ പാർട്ടികൾക്ക് ബംഗാൾ- ജാർഖണ്ഡ് അതിർത്തിയിൽ കൽക്കരി ഖനികൾ ആരംഭിക്കുന്നതിനായി പണം നൽകിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ റെയ്ഡ് നടത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ മാസം ആദ്യം അനൂപ് മാജിക്ക് ആദായ നികുതി വകുപ്പ് മൂന്ന് നോട്ടീസുകൾ നൽകിയിരുന്നു. ഇതിൽ രണ്ടെണ്ണത്തിന് മാത്രമാണ് അനൂപ് പ്രതികരണം നൽകിയത്.
Discussion about this post