തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അതിതീവ്ര ന്യൂനമർദ്ദം കൂടുതൽ ശക്തി പ്രാപിച്ചു ചുഴലിക്കാറ്റായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കുകിഴക്കൻ ഭാഗത്താണ് ബുറേവി ചുഴലിക്കാറ്റ് രൂപം കൊണ്ടിരിക്കുന്നത്. ഇന്ന് ശ്രീലങ്കൻ തീരത്തെത്തുന്ന ബുറേവി, വൈകീട്ടോടെ തീരം കടക്കുമെന്നാണ് സൂചന.
കേരളം, തമിഴ്നാട് എന്നിവിടങ്ങളിലെ തെക്കൻ തീരങ്ങൾക്ക് കാലാവസ്ഥ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ കേരളത്തിൽ അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ട്. ശ്രീലങ്കൻ തീരത്തെത്തുമ്പോൾ 75 മുതൽ 85 കിലോമീറ്റർ വരെ വേഗത ഉണ്ടായിരിക്കുന്ന കാറ്റ്, അടുത്ത 12 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കുമെന്നാണ് കരുതുന്നത്.
കാറ്റിന്റെ സഞ്ചാരപാത ഇതുവരെ കൃത്യമായി പ്രവചിക്കപ്പെട്ടിട്ടില്ല. ഇതിനാൽ, ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ കേരള തീരങ്ങളിൽ നിന്നും മത്സ്യബന്ധനത്തിന് പോകുന്നത് പൂർണമായും നിരോധിച്ചിട്ടുണ്ട്. ഡിസംബർ നാലോടെ കന്യാകുമാരി തീരത്തെത്തുന്ന കാറ്റ് അവിടെ കനത്ത നാശനഷ്ടങ്ങളുണ്ടാക്കുമെന്നാണ് വിദഗ്ധാഭിപ്രായം.
Discussion about this post