കൊല്ലം: തദ്ദേശതിരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന എൽഡിഎഫിൽ കടുത്ത പ്രതിസന്ധി സൃഷ്ടിച്ച് ഘടക കക്ഷികളുടെ നിലപാട്. സീറ്റ് വിഭജനത്തിൽ പൂർണ്ണമായി തഴഞ്ഞതും പാർട്ടി വൈസ് ചെയർമാൻ കെ ബി ഗണേഷ് കുമാറിന്റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയതും കേരള കോൺഗ്രസ് ബിയെ ചൊടിപ്പിച്ചിരിക്കുകയാണ്. എൽഡിഎഫിന്റെ നിലപാടുകളിലെ പ്രതിഷേധം ജില്ലാ കമ്മിറ്റികൾ പാർട്ടി ചെയർമാൻ ആർ ബാലകൃഷ്ണപിള്ളയെ അറിയിച്ചതായാണ് വിവരം.
പിണറായി സർക്കാരിൽ നിന്ന് അപമാനം മാത്രമാണ് നേരിടുന്നതെന്നാണ് നേതാക്കളുടെ പരാതി. പാർട്ടിയും പാർട്ടി പ്രവർത്തകരും നിരന്തരം അവഗണിക്കപ്പെടുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഗൗരിയമ്മയുടെ ജെഎസ്എസിന് നൽകിയ പരിഗണന പോലും കേരള കോൺഗ്രസ് (ബി)ക്ക് കിട്ടിയില്ല. അപമാനം സഹിച്ച് ഇനിയും മുന്നണിയിൽ തുടരേണ്ടെന്നാണ് ഭൂരിഭാഗം ജില്ലാ കമ്മിറ്റികളുടെയും അഭിപ്രായം.
ആർ ബാലകൃഷ്ണപിള്ള മുന്നോക്ക കോർപ്പറേഷൻ ചെയർമാൻ സ്ഥാനം ഉടൻ രാജിവയ്ക്കണമെന്നും നേതാക്കൾ ആവശ്യപ്പെടുന്നു. മുന്നോക്ക കോർപ്പറേഷന്‍റെ ചെയർമാൻ സ്ഥാനത്തിരിക്കുന്ന ആർ. ബാലകൃഷ്ണപിള്ളയെ നവമാധ്യമങ്ങളിലൂടെ സിപിഎം നേതാക്കൾ തന്നെ അപമാനിക്കുന്ന സ്ഥിതിയാണുള്ളത്. പാർട്ടിയുടെ പ്രതിച്ഛായ പൊതുസമൂഹത്തിൽ മോശമാക്കാനാണ് സിപിഎം ശ്രമം. അടിയന്തര സംസ്ഥാന കമ്മിറ്റി കൂടി ഇടത് ബന്ധം ഉപേക്ഷിക്കാനുള്ള തീരുമാനമെടുക്കണെന്നാണ് ആർ. ബാലകൃഷ്ണപിള്ളയോട് ജില്ലാ കമ്മിറ്റി നേതാക്കൾ അഭ്യർത്ഥിക്കുന്നത്.
Discussion about this post