ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഇമ്രാൻ ഖാൻ മന്ത്രിസഭയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷാംഗങ്ങൾ. പാകിസ്ഥാനിൽ നടക്കുന്ന ദുർഭരണത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷം കൂട്ടരാജിക്കൊരുങ്ങുകയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ.
പാകിസ്ഥാനിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ ജാമിയത് ഉലുമാ-ഇ-ഇസ്ലാം-ഫസൽ പാർട്ടി നേതാവ് മൗലാനാ ഫസലുർ റഹ്മാനാണ് സഭാംഗങ്ങളോട് രാജിവെക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്. ഈ മാസം 31-ഓടെ അംഗങ്ങൾ അതാത് പാർട്ടി നേതാക്കൾക്ക് മുമ്പാകെ എം.പി സ്ഥാനം രാജിവെച്ചുള്ള കത്ത് നൽകുമെന്നാണ് സൂചനകൾ. ഇമ്രാൻ ഖാൻ സർക്കാരിനെ ജനുവരിക്കുള്ളിൽ നിലത്തിറക്കുകയെന്ന ലക്ഷ്യത്തോടെ നേരത്തെ 11 പ്രതിപക്ഷ പാർട്ടികളുടെയും നേതൃത്വത്തിൽ പാകിസ്ഥാൻ ഡെമോക്രാറ്റിക്ക് മൂവ്മെന്റ് റാലി ലാഹോറിൽ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് പുതിയ നീക്കം.
എല്ലാ നിയമസഭാ-ലോകസഭാ അംഗങ്ങളും രാജിവെച്ച് ജനാധിപത്യം സംരക്ഷിക്കാനിറങ്ങണമെന്നും എല്ലാവരും അവരവരുടെ പാർട്ടി നേതാക്കളെ ഡിസംബർ 31 നു മുമ്പ് രാജിക്കത്ത് ഏല്പിക്കണമെന്നും മൗലാനാ ഫസലുർ റഹ്മാനൊപ്പം പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോയും ആഹ്വാനം ചെയ്തിട്ടുണ്ട്.













Discussion about this post