കൊല്ലം: കേരളത്തിലെ ജയിലുകളിൽ അടിമുടി പരിഷ്കാരങ്ങളുമായി ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. ജയിലുകളിൽ ഇനി പകലന്തിയോളം പാട്ട് വെച്ചു കൊടുക്കാനാണ് ഡിജിപി നിർദേശിച്ചിരിക്കുന്നത്.
രാവിലെ ആറു മുതൽ രാത്രി എട്ടു വരെയാണ് തടവുകാരെ എഫ്. എം റേഡിയോ കേൾപ്പിക്കുക. തടവുകാരുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും ഉല്ലാസം തോന്നുന്നതിനും വേണ്ടിയുള്ള നടപടികളുടെ ഭാഗമായാണ് ഇത്. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ മാസികൾ വാങ്ങി വിതരണം ചെയ്യുകയും ചെയ്യും.
തടവുകാർക്ക് വ്യായാമം നിർബന്ധമാക്കുകയും അരമണിക്കൂറെങ്കിലും സൂര്യപ്രകാശം കൊള്ളിക്കുകയും ചെയ്യുമെന്ന് അറിയിച്ച അധികൃതർ കുടുംബാംഗങ്ങളെ ഫോൺ നമ്പറിലേക്ക് എണ്ണം നോക്കാതെ വിളിക്കുന്നതിനും അനുമതി നൽകും. വിമുഖത കാണിക്കുന്നവരെ ഫോൺ വിളിക്കാൻ നിർബന്ധിക്കണമെന്നാണ് അധികൃതർ നിർദേശം ലഭിച്ചിരിക്കുന്നത്.
തടവുകാരുടെ ആത്മഹത്യ തടയുന്നതിന്റെ ഭാഗമായാണ് ഇത്തരം ഭേദഗതികൾ. ദീർഘകാല ശിക്ഷയുടെ ആഘാതം, പരോൾ നിഷേധിക്കപ്പെട്ടത്, ഏകാന്തതടവ്, മാനസിക പ്രശ്നങ്ങൾ എന്നിവ ആത്മഹത്യയിലേക്ക് നയിക്കുന്നുണ്ടെന്ന് പഠനത്തിൽ തെളിഞ്ഞിരുന്നു. ഇക്കാര്യം പരിഹരിക്കാൻ ലക്ഷ്യമിട്ടു കൊണ്ട് ദേശീയ മനുഷ്യാവകാശ കമ്മീഷനും ചില നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. തടവുകാർക്ക് മാനസിക പിന്തുണയും ആശ്വാസവും പകരുന്ന ബന്ധം വളർത്തിയെടുക്കാൻ ജയിൽ ജീവനക്കാർക്ക് നിർദേശം ലഭിച്ചിട്ടുണ്ട്.
Discussion about this post