കൊല്ലം: നിരോധിത സംഘടനയായ സിമിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ക്യാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിനെതിരെ അന്വേഷണം ശക്തമാക്കി ഏജൻസികൾ. ഇയാളുടെ കൊല്ലം അഞ്ചലിലെ വീട്ടിൽ ഇന്നലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ, ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി വിദേശങ്ങളിൽ നിന്ന് ഉൾപ്പെടെ പണം സ്വരൂപിക്കൽ എന്നിവയിൽ റൗഫിനുള്ള സജീവമായ പങ്ക് ഇഡി കണ്ടെത്തിയതായാണ് വിവരം.
ഹാത്രാസിൽ കലാപത്തിന് ആഹ്വാനം നൽകിയതുമായി ബന്ധപ്പെട്ട് റൗഫിനെതിരെ ഉത്തർ പ്രദേശ് പൊലീസ് നടപടിക്കൊരുങ്ങുന്നതായാണ് റിപ്പോർട്ട്. എമിഗ്രേഷൻ വിഭാഗത്തിന്റെ സഹകരണത്തോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കഴിഞ്ഞ ദിവസമാണ് ഇയാളെ എൻഫോഴ്സ്മെന്റ് വകുപ്പ് പിടികൂടിയത്. കൊല്ലം അഞ്ചലിലാണ് ഇയാൾ സ്ഥിരതാമസം. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് നടന്ന ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തിൽ ഇയാൾ വിദേശ വിനിമയ ചട്ടം ലംഘിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. ഈ കേസിൽ ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് നിലവിലുണ്ടായിരുന്നു. ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറിയാണ് റൗഫ്.
മസ്കറ്റിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് തന്ത്രപരമായ ഏകോപനത്തിലൂടെ റൗഫിനെ ഇഡി പിടികൂടിയത്. ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടും ഇയാൾ ഹാജരായിരുന്നില്ല. ഖത്തർ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും റൗഫിന്റെ അക്കൗണ്ടുകളിലേക്ക് കലാപ സമയത്ത് വൻ തുകകൾ എത്തിയിരുന്നു. ഇതും ഇഡി പരിശോധിക്കുന്നുണ്ട്.
ഹാത്രാസിൽ കലാപത്തിന് ആഹ്വാനം നൽകിയതുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് നേതാവും മലയാളിയുമായ സിദ്ദീഖ് കാപ്പൻ അറസ്റ്റിലായ സംഭവത്തിൽ ഡൽഹിയിൽ വാർത്താ സമ്മേളനം നടത്തിയവരുടെ കൂട്ടത്തിൽ റൗഫുമുണ്ടായിരുന്നു. റൗഫിന്റെ അറസ്റ്റിനെ തുടർന്ന് അഞ്ചൽ പട്ടണത്തിൽ ക്യാമ്പസ് ഫ്രണ്ട്- എസ് ഡി പി ഐ പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തി. റൗഫിന്റെ വീട്ടിൽ തെളിവെടുപ്പിന് എത്തിയ ഇഡി ഉദ്യോഗസ്ഥരെ എസ് ഡി പി ഐക്കാർ തടഞ്ഞു. ഇതുമായി ബന്ധപ്പെട്ടവരെയും അന്വേഷണ ഏജൻസികൾ നിരീക്ഷിച്ചു വരുന്നതായാണ് വിവരം.
Discussion about this post