നൈജീരിയൻ സ്കൂളിൽ ആയുധധാരികളുടെ ആക്രമണത്തിന് ശേഷം നാനൂറോളം വിദ്യാർത്ഥികളെ കാണാതായതായി റിപ്പോർട്ടുകൾ. വടക്ക് പടിഞ്ഞാറൻ കട്സിന സ്റ്റേറ്റിലെ സെക്കൻഡറി സ്കൂളിൽ വെള്ളിയാഴ്ചയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിനിടെ സ്കൂളിലുണ്ടായിരുന്ന അറുന്നൂറോളം കുട്ടികളിൽ നാനൂറിലധികം പേരെ കാണാതാവുകയായിരുന്നു. എകെ 47 അടക്കമുള്ള ആയുധങ്ങളുമായെത്തിയ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്ന് കട്സിന സ്റ്റേറ്റ് പോലീസ് വക്താവ് ഗാംബോ ഇസ്ഹ പ്രസ്താവിച്ചു. കാണാതായ കുട്ടികളുടെ കൂടുതൽ വിവരങ്ങൾക്കായി പോലീസ് സ്കൂൾ അധികൃതരെ ബന്ധപ്പെട്ടിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ബൊക്കോഹറാം തീവ്രവാദികൾ 2014-ൽ ചിബോക്കിലെ സ്കൂളിൽ നിന്നും 276 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട് ചെയ്തിരുന്നു. ആളുകളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുന്ന സംഭവങ്ങൾ നൈജീരിയയിൽ പതിവായിക്കൊണ്ടിരിക്കുകയാണ്.
Discussion about this post