തൊടുപുഴ: ഉടുമ്പന്നൂർ ടൗണിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഡിജെ പാർട്ടി നടത്തി ഡിവൈഎഫ്ഐ. എൽഡിഎഫ് വിജയാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഡിജെ പാർട്ടിയിൽ അഞ്ഞൂറോളം പേരാണ് പങ്കെടുത്തത്.
പാർട്ടി പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം മാസ്‌കോ അകലമോ ഇല്ലാതെയായിരുന്നു. ഡിവൈഎഫ്ഐ ഔദ്യോഗിക ഫേസ്‍ബുക്ക് പേജിലൂടെ ലൈവായി ഇതിന്റെ ദൃശ്യങ്ങൾ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഡിജെ പാർട്ടിയിൽ സംഘടനയുടെ ജില്ലാ നേതാക്കൾ, ജനപ്രതിനിധികൾ, സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങൾ എന്നിവരും പങ്കെടുത്തിരുന്നു. വൈകിട്ട് ഏഴോടെ ആരംഭിച്ച ആഘോഷ പരിപാടികൾ രാത്രി വൈകിയും തുടർന്നു.
പോലീസ് വിവരമറിഞ്ഞിട്ടും ആൾക്കൂട്ടം നിയന്ത്രിക്കാൻ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് പ്രദേശത്തെ നാട്ടുകാർ രംഗത്തു വന്നിരുന്നു. 20 വർഷമായി യുഡിഎഫ് ഭരിക്കുന്നയിടമാണ് ഉടുമ്പന്നൂർ പഞ്ചായത്ത്. എന്നാൽ, ഇത്തവണ എൽഡിഎഫിനായിരുന്നു ജയം. ഡിജെ പാർട്ടിക്കിടെ മദ്യ വിതരണമുണ്ടായതായും കോൺഗ്രസ് ആരോപിച്ചിട്ടുണ്ട്.











