ചെന്നൈ: കമൽഹാസന് തിരിച്ചടി നൽകിക്കൊണ്ട് മക്കൾ നീതി മയ്യം സ്ഥാപക നേതാവ് ബിജെപിയിൽ ചേർന്നു. കമൽഹാസന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യത്തിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയായ എ അരുണാചലമാണ് ബിജെപിയിൽ ചേർന്നത്. കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കറിൽ നിന്നും ചെന്നൈയിൽ വെച്ചാണ് അരുണാചലം ബിജെപി അംഗത്വം സ്വീകരിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അവസരത്തിൽ പാർട്ടിയിലെ പ്രധാനപ്പെട്ട നേതാവ് ബിജെപിയിൽ ചേർന്നതിന്റെ ഞെട്ടലിലാണ് കമൽഹാസൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കമലിന്റെ പാർട്ടിക്ക് വേണ്ടി ശക്തമായി പ്രചാരണ രംഗത്തുണ്ടായിരുന്ന നേതാവാണ് അരുണാചലം.
അതേസമയം സൂപ്പർ താരം രജനികാന്തിന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപനം പുതുവർഷത്തിൽ ഉണ്ടാകും. രജനി ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാനാണ് സാധ്യത. കൂടാതെ തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ മകൻ അഴഗിരിയും രാഷ്ട്രീയ നിലപാട് വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. ഡി എം കെയുമായി ഒരു തരത്തിലുള്ള നീക്ക് പോക്കുകൾക്കും തയ്യാറല്ലെന്ന് അദ്ദേഹവും അറിയിച്ചിട്ടുണ്ട്. അഴഗിരിയും ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നാണ് സൂചന. ഇതിന് മുന്നോടിയായി അദ്ദേഹത്തിന്റെ അടുത്ത അനുയായികൾ ബിജെപിയിൽ ചേർന്നിട്ടുണ്ട്.
Discussion about this post