പഞ്ചാബിലെ കുപ്രസിദ്ധ കുറ്റവാളിയും ഖാലിസ്ഥാനി ഭീകരനുമായ സുഖ് ബിക്രിവാളിനെ അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്. ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നുമാണ് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ ഇയാളെ പിടികൂടിയത്. സുഖ് ബിക്രിവാളിനെ ദുബായിൽ നിന്നും നാടുകടത്തിയതാണ്. തുടർന്ന്, ഇന്ത്യയിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്.
പാക് ചാര സംഘടനയായ ഐഎസ്ഐയുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് നേരത്തെ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഈ ഭീകരനിൽ നിന്നും പഞ്ചാബിൽ ഖാലിസ്ഥാനി ഭീകരർ നടത്തിയ ആക്രമണങ്ങളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് വിലയിരുത്തൽ. ശൗര്യചക്രയ്ക്ക് അർഹനായിട്ടുള്ള പഞ്ചാബിലെ ബൽവീന്ദർ സന്ധുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് സുഖ് ബിക്രിവാൾ.
ഡിസംബർ 7 ന് ഡൽഹിയിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് ഖാലിസ്ഥാനികളുൾപ്പെടെ 5 ഭീകരരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ ഇവരാണ് ബൽവീന്ദർ സന്ധുവിന്റെ കൊലയ്ക്ക് പിന്നിലുള്ളത് സുഖ് ബിക്രിവാളാണെന്ന് വെളിപ്പെടുത്തിയത്. ഐഎസ്ഐയുമായും ഇയാൾക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങളും അന്നത്തെ ചോദ്യംചെയ്യലിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു.
Discussion about this post