തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി ആസ്ഥാനത്ത് സ്‌പോട്ട് അഡ്മിഷന് മകളോടൊപ്പമെത്തിയ പിതാവിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ സുരക്ഷാജീവനക്കാരോട് വിശദീകരണം തേടിയതായി കേരള യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ.സി.ആര്‍.പ്രസാദ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച നടന്ന സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാന്‍ മകളുമായെത്തിയ ആണ്ടൂര്‍ക്കോണം കീഴാവൂര്‍ ഗീതാലയത്തില്‍ ജി. വിനുകുമാറാണ് പരാതിയുമായി എത്തിയത്.
അകത്തെ ഹാളിലായിരുന്ന മകള്‍ക്ക് അഡ്മിഷനുള്ള പണം നല്‍കുന്നതിനായി മുമ്പോട്ട് നീങ്ങിയ വിനുകുമാറിനെ സെക്യൂരിറ്റി ജീവനക്കാര്‍ തടയുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് പരാതി. ആവശ്യമറിയിച്ചിട്ടും ജീവനക്കാര്‍ ചെവിക്കൊണ്ടില്ലെന്നും ഇദ്ദേഹം പറഞ്ഞു. വീട്ടിലെത്തിയ ശേഷം കുഴഞ്ഞുവീണ വിനുകുമാര്‍ പിന്നീട് ചികിത്സ തേടി.
read also: നെയ്യാറ്റിൻകരയിലെ രാഹുലിനും രജ്ഞിത്തിനും ലൈഫ് പദ്ധതിയില്‍ വീട്: ഭൂമിയുടെ കാര്യത്തില്‍ അവ്യക്തത
നിരവധിപേരുടെ മുന്നില്‍ വച്ച് പിതാവിനേറ്റ മര്‍ദ്ദനം തനിക്ക് മാനസിക വിഷമം ഉണ്ടാക്കിയെന്ന് കാണിച്ച് മകള്‍ ബൃന്ദ രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിരുന്നു. മര്‍ദനമേറ്റ ജി.വിനുകുമാറിനോട് സംഭവത്തെപ്പറ്റി ചോദിച്ചതായും സെക്യൂരിറ്റി ജീവനക്കാര്‍ കുറ്റം ചെയ്തതായി കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും രജിസ്ട്രാര്‍ അറിയിച്ചു.
Discussion about this post