ഡൽഹി: ഗാൽവൻ സംഘർഷത്തിൽ ചൈനീസ് സൈന്യത്തെ തുരത്തുന്നതിനിടെ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് ആദരമൊരുങ്ങുന്നു. ചൈനയെ തറപറ്റിക്കുന്നതിനിടെ ജീവൻ ബലിയർപ്പിച്ച കേണൽ ബി സന്തോഷ് ബാബു ഉൾപ്പെടെ 16 ബിഹാർ ബറ്റാലിയനിലെ സൈനികർക്കാണ് റിപ്പബ്ലിക് ദിനാഘോഷ വേളയിൽ ധീരതയ്ക്കുള്ള മരണാനന്തര ബഹുമതികൾ ഒരുങ്ങുന്നതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
അതിർത്തിയിൽ കടന്നു കയറാൻ ശ്രമിച്ച ചൈനീസ് പട്ടാളക്കാരെ ശക്തമായ പ്രത്യാക്രമണത്തിലൂടെയാണ് ഇന്ത്യൻ സേന തുരത്തിയോടിച്ചത്. കമ്പി ചുറ്റിയ വടികളും കൂർത്ത ഇരുമ്പ് ദണ്ഡുകളുമായാണ് ചൈനീസ് സൈന്യം ആക്രമണത്തിന് എത്തിയത്. എണ്ണത്തിൽ കുറവായിരുന്നിട്ട് കൂടി ശക്തമായി തിരിച്ചടിച്ച ഇന്ത്യൻ സൈന്യത്തിന് മുന്നിൽ ഏഴ് മണിക്കൂർ പോലും പിടിച്ചു നിൽക്കാൻ കഴിയാതെ ചൈന പിന്തിരിഞ്ഞോടുകയായിരുന്നു.
തുടർന്ന് ലഡാക്കിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികരെ അഭിനന്ദിച്ചിരുന്നു. ഭാരത മാതാവിന്റെ ശത്രുക്കൾ ഇന്ത്യൻ സേനയുടെ ഉജ്ജ്വലമായ പോരാട്ട വീര്യം നേരിട്ട് ദർശിച്ചതായി അദ്ദേഹം പറഞ്ഞിരുന്നു. അധിനിവേശത്തിന്റെ യുഗം അവസാനിച്ചതായി അദ്ദേഹം ചൈനയെ ഓർമ്മിപ്പിച്ചിരുന്നു.
അതിർത്തിയിലെ പോരാട്ടത്തിൽ ഇരുപത് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. അമ്പത് ചൈനീസ് പട്ടാളക്കാരെയും ഇന്ത്യൻ സൈന്യം വകവരുത്തിയിരുന്നു. കൊല്ലപ്പെട്ടവരിൽ ചൈനീസ് സംഘത്തിന്റെ കമാൻഡിംഗ് ഓഫീസറും ഉൾപ്പെട്ടിരുന്നു.








