ഡൽഹി: കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് വിദേശത്ത് നിന്നും മുഖ്യാതിഥി ഉണ്ടായിരിക്കില്ല. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുഖ്യാതിഥിയാകുമെന്നായിരുന്നു നേരത്തെ തീരുമാനിക്കപ്പെട്ടിരുന്നത്. എന്നാൽ കൊവിഡ് വ്യാപനത്തെ തുടർന്ന് അദ്ദേഹത്തിന്റെ സന്ദർശനം റദ്ദാക്കുകയായിരുന്നു.
അതിതീവ്ര വ്യാപന ശേഷിയുള്ള കൊറോണ വൈറസ് യുകെയിൽ വ്യാപകമായി പടരുന്ന സാഹചര്യത്തിൽ ബ്രിട്ടണിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെയാണ് ബോറിസ് ജോൺസൺ സന്ദർശനം റദ്ദാക്കിയത്.
ഇത്തവണ വിദേശത്ത് നിന്നും മുഖ്യാതിഥി ഉണ്ടായിരിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ ഇക്കാര്യം വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. ബോറിസ് ജോൺസൺ സന്ദർശനം റദ്ദാക്കിയ പശ്ചാത്തലത്തിൽ റിപ്പബ്ലിക് ഓഫ് സുരിനാമിന്റെ ഇന്ത്യൻ വംശജനായ പ്രസിഡന്റ് ചന്ദ്രികാ പെർസാദ് സന്റോക്കി മുഖ്യാതിഥിയാകുമെന്ന് വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മുഖ്യാതിഥിയായി വിദേശ നേതാവ് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
Discussion about this post