തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനം ആർക്കും സംവരണം ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. അത് പാർട്ടി തീരുമാനിക്കട്ടെയെന്നും അവർ പറഞ്ഞു. കേരളത്തിന്‍റെ വനിതാ മുഖ്യമന്ത്രിയായി കെ.കെ.ശൈലജ വരണമെന്ന് ആഗ്രഹിക്കുന്നവരോട് എന്ത് പറയാനുണ്ട് എന്ന ചോദ്യത്തിനാണ് സ്വകാര്യ മാധ്യമത്തോട് മന്ത്രിയുടെ മറുപടി.
കെ കെ ശൈലജ മുഖ്യമന്ത്രിയാകണമെന്ന് പാർട്ടിയിലെ ഒരു വിഭാഗത്തിന് താത്പര്യമുണ്ട്. പിണറായി വിജയന്റെ കാർക്കശ്യം നിറഞ്ഞ ശൈലി മുഖ്യമന്ത്രി സ്ഥാനത്തിന് യോജിച്ചതല്ലെന്നും അതിന് കുറച്ച് കൂടി ജനപിന്തുണയുള്ള ഒരാൾ വേണമെന്നുമുള്ള നിലപാട് വെട്ടിനിരത്തപ്പെട്ട വി എസ് പക്ഷത്തിന് ഇപ്പോഴുമുണ്ട്. സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആരോപണം മുഖ്യമന്ത്രിയുടെ നേർക്ക് നീളുന്നത് പാർട്ടിയുടെയും സർക്കാരിന്റെയും പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചു എന്ന വാദവും പിണറായി വിരുദ്ധ ചേരിയിൽ പ്രബലമാണ്.
മയക്കുമരുന്ന് കടത്ത് കേസിൽ മുൻ പാർട്ടി സെക്രട്ടറിയുടെ മകൻ അറസ്റ്റിലായ സംഭവം പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയിരുന്നു. ആ സംഭവത്തിൽ കോടിയേരിക്ക് പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയേണ്ടി വന്നതും മുഖ്യമന്ത്രിയുടെ പരാജയമായി ചിലർ വ്യാഖ്യാനിക്കുന്നു. ചില ദേശീയ മാധ്യമങ്ങളിലെ പരാമർശങ്ങളുടെ പേരിലും നിപ പ്രതിരോധത്തിന്റെ പേരിലുമൊക്കെ ഇമേജ് സൃഷ്ടിക്കാൻ കെ കെ ശൈലജയെ അനുകൂലിക്കുന്നവർ നടത്തിയ ശ്രമങ്ങൾ പാർട്ടി അണികൾക്കിടയിൽ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്.
സ്ത്രീശാക്തീകരണത്തിന് വേണ്ടി മുറവിളി കൂട്ടുന്ന സിപിഎം ഇത് വരെ ഒരു വനിതയെ മുഖ്യമന്ത്രിയാക്കിയിട്ടില്ല എന്ന ആക്ഷേപവും നിലവിലുണ്ട്. ഇത് പ്രതിരോധിക്കാൻ ഒരു മാർഗ്ഗമായി കെ കെ ശൈലജയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കണം എന്ന ആശയമാണ് ഒരു വിഭാഗം നേതാക്കൾക്ക് ഉള്ളത്. ഇത് സിപിഎമ്മിൽ പൊട്ടിത്തെറിക്ക് വഴി വെക്കുമോ എന്ന ചോദ്യമാണ് കൗതുകകരം.
Discussion about this post