തിരുവനന്തപുരം: ശംഖുമുഖം കടപ്പുറത്തെ നിർമ്മാണ പ്രവർത്തനനങ്ങൾക്കെതിരെ മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ശംഖുമുഖം കടൽത്തീരത്ത് പൈതൃകസമ്പത്തുക്കളേയും സർഗ്ഗ സൃഷ്ടികളേയും ചരിത്ര ശേഷിപ്പുകളേയും വികലമാക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്നും സംസ്ഥാന സർക്കാർ പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു നാടിന്റെ ആത്മാഭിമാനവും സാംസ്കാരിക മേന്മയും വിളിച്ചോതുന്ന സൃഷ്ടികളും ശേഷിപ്പുകളും സംരക്ഷിക്കുകയും പവിത്രമായി കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ടതിനുപകരം അവയുടെ മേന്മയും പ്രഭാവവും നശിപ്പിക്കുന്ന നീക്കങ്ങൾ ആപൽക്കരമായ സ്ഥിതിവിശേഷമാണ് ഉണ്ടാക്കുക.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആറാട്ട് മഹോത്സവത്തിനുവേണ്ടി മനോഹരമായി പണിതീർത്തിട്ടുള്ള കൽമണ്ഡപം ചിരപുരാതനവും പൈതൃക സമ്പത്തുമാണ്. ഗതകാല സ്മരണകളുടെ ശേഷിപ്പായി ഇന്ന് നിലകൊള്ളുന്ന മണ്ഡപത്തിന് ചരിത്രപരവും വിശ്വാസപരവുമായ പ്രാധാന്യമുണ്ട്.
സമീപത്തായി നിലകൊള്ളുന്ന തിരുവിതാംകൂർ രാജ കൊട്ടാരം വക കെട്ടിടവും ചരിത്ര പ്രാധാന്യമുള്ള സങ്കേതമാണ് . “രാജശിപ്പി ” എന്ന പേരിൽ വിഖ്യാതനായ കലാകാരൻ കാനായി കുഞ്ഞിരാമന്റെ സർഗ്ഗവൈഭവം വിളിച്ചോതുന്ന സാഗര കന്യകയും അടുത്തുണ്ട് . ഇതെല്ലം ശംഖുമുഖത്തിന്റെ ശ്രീ മുഖങ്ങളാണ്. അവയുടെ ഭംഗിയും പകിട്ടും നശിപ്പിക്കുന്ന വിധത്തിലാണ് ടൂറിസം വകുപ്പ് നിർമ്മാണ ജോലികൾ നടത്തുന്നത് .കോൺക്രീറ്റല്ല , പ്രകൃതിസൗഹൃദവും പൈതൃകസ്പർശിയുമായ സംരക്ഷണ സംവിധാനങ്ങളാണ് അവിടെ ആവശ്യമെന്ന് കുമ്മനം പറഞ്ഞു.
ശംഖുമുഖത്ത് ഒട്ടേറെ പഴയ കെട്ടിടങ്ങൾ നാശോന്മുഖമായി. തീരദേശ പരിപാലന നിയമം, പൈതൃക സംരക്ഷണ നിയമം, പ്രകൃതി സംരക്ഷണ നിയമം തുടങ്ങിയവ ലംഘിച്ചുകൊണ്ടുള്ള അനധികൃത നിർമ്മാണ ജോലികൾ ഉടനെ നിർത്തിവെക്കണം എന്ന് സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post