ഡൽഹി: ഫെബ്രുവരി 8 മുതൽ 12 വരെ രാജ്യസഭയിൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് എം പിമാർക്ക് ബിജെപി വിപ്പ് നൽകി. സുപ്രധാന തീരുമാനം വരാനിരിക്കുന്നതായി എം പിമാർക്ക് നൽകിയ വിപ്പിൽ വ്യക്തമാക്കുന്നു. വളരെ പ്രധാനപ്പെട്ടതും നിർണ്ണായകവുമായ നീക്കത്തിന് കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായാണ് സൂചന.
എട്ടാം തീയതിയാണ് പാർലമെന്റിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നത്. പാർലമെന്റിൽ കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പതിനഞ്ച് മണിക്കൂർ നീക്കി വെക്കാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബിജെപി അംഗങ്ങൾക്ക് വിപ്പ് നൽകിയത്.
അതേസമയം കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കത്തിൽ പ്രതിപക്ഷം ആശങ്കയിലാണ്. കർഷക സമരവും ചൈനയും പാകിസ്ഥാനുമായി ബന്ധപ്പെട്ട വിഷയങ്ങളും അത്യന്തം ഗൗരവതരമായാണ് കേന്ദ്ര സർക്കാർ നോക്കിക്കാണുന്നത്. ഏകീകൃത സിവിൽ കോഡ് ഉൾപ്പെടെ ബിജെപി പ്രകടന പത്രികയിൽ പറഞ്ഞിരിക്കുന്ന പല വാഗ്ദാനങ്ങളും പ്രതിപക്ഷത്തിന്റെ ഉറക്കം കെടുത്തുന്നുണ്ട്.
എൻ ഐ എ- യുഎപിഎ ഭേദഗതികൾ, പൗരത്വ നിയമ ഭേദഗതി, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, കാർഷിക നിയമങ്ങൾ തുടങ്ങിയ സുപ്രധാന തീരുമാനങ്ങൾ ഇത് പോലെ അപ്രതീക്ഷിതമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചവയാണ്. ഇതാണ് പ്രതിപക്ഷത്തെ അലട്ടുന്നത്.
Discussion about this post