ഭോപാൽ: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം മധ്യപ്രദേശിൽ പതിനെട്ട് ലക്ഷം കുടുംബങ്ങൾക്ക് വീട് വെച്ചു നൽകാൻ സാധിച്ചതായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. പദ്ധതി പ്രകാരം ഏറ്റവും ഒടുവിൽ വീട് ലഭിച്ച ഒരു ലക്ഷം കുടുംബങ്ങളുടെ ഗൃഹപ്രവേശ ചടങ്ങുകൾ പുരോഗമിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചടങ്ങുകളിൽ പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിൽ പണി പൂർത്തിയായ രണ്ട് ലക്ഷം വീടുകളുടെ ഗൃഹപ്രവേശന കർമ്മത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗ് വഴി പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി ആവാസ് യോജനയുടെ രണ്ടാമത്തെ മഹാഗൃഹപ്രവേശന ചടങ്ങാണ് ഇന്ന് നടക്കുന്നത്.
മധ്യപ്രദേശിൽ കൊവിഡ് പ്രതിസന്ധി രൂക്ഷമായ നാളുകളിലും പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമുള്ള വീടുകളുടെ പണി നടന്നിരുന്നു. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടമായവർക്ക് വലിയ ആശ്വാസമായിരുന്നു പദ്ധതി പ്രകാരമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ.
2022 ഓടെ ‘എല്ലാവർക്കും വീട്‘ എന്ന സ്വപ്നം സാക്ഷാത്കരിക്കുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം. അതിലേക്ക് രാജ്യം അതിവേഗം എത്തിപ്പെടാൻ സഹായകമാണ് പ്രധാനമന്ത്രി ആവാസ് യോജന എന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
Discussion about this post