തിരുവനന്തപുരം; അനധികൃത നിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിനെതിരെ ഗവർണ്ണർക്ക് പരാതി. എയ്ഡഡ് കോളേജ് അധ്യാപക നിയമനത്തിൽ ചട്ടം മറികടന്ന് ഇടപെട്ടെന്നാണ് മന്ത്രിക്കെതിരായ പരാതി. തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിലെ അധ്യാപകന്റെ പഠനവകുപ്പ് മാറ്റാൻ മന്ത്രിയുടെ ചേംബറിൽ യോഗം ചേർന്ന് നിർദ്ദേശം നൽകിയിരുന്നു.
സർവ്വകലാശാല നിരസിച്ച അപേക്ഷയ്ക്കായി മന്ത്രി ഇടപെട്ടതിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ഗവർണർക്ക് പരാതി നൽകിയിരിക്കുന്നത്. ഒരു പഠന വിഭാഗത്തിൽ നിയമിച്ച അധ്യാപകനെ മറ്റൊരു വിഭാഗത്തിലേക്ക് മാറ്റാൻ പാടില്ലെന്ന സുപ്രീംകോടതി വിധി മറികടക്കാൻ മന്ത്രി ഇടപെട്ടതാണ് വിവാദമായിരിക്കുന്നത്. തുമ്പ സെൻറ് സേവ്യേഴ്സ് കോളജിൽ ലാറ്റിൻ പഠന വിഭാഗത്തിൽ നിയമിക്കപ്പെട്ട അധ്യാപകനെ ഇംഗ്ലീഷ് വിഭാഗത്തിലേക്ക് മാറ്റാൻ വേണ്ടിയാണ് ജലീൽ ഇടപെട്ടത്.
അപേക്ഷകനായ അധ്യാപകൻ ഫാ.വി.വൈ ദാസപ്പനെ കൂടി പങ്കെടുപ്പിച്ചാണ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി വിളിച്ചു കൂട്ടിയത്. സർവ്വകലാശാല ചട്ടവും ഇത്തരത്തിൽ പഠനവിഭാഗം മാറ്റുന്നതിന് എതിരാണ്. മാനേജ്മെന്റുകൾക്ക് യഥേഷ്ടം അധ്യാപകരെ വിഷയം മാറ്റി നിയമിക്കുന്നതിന് സൗകര്യമൊരുക്കുന്ന തരത്തിലുള്ള കീഴ്വഴക്കം സൃഷ്ടിക്കപ്പെടാൻ മന്ത്രിയുടെ നീക്കം കാരണമാകുമെന്നാണ് പരാതിയിൽ പറയുന്നത്.
Discussion about this post